ചാവറ കുര്യാക്കോസ് എലിയാസ് ഇന്ത്യയിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ഉത്തമ മാതൃക: ഡോ. ശശി തരൂര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
doctor sasho tharoor

ന്യൂഡല്‍ഹി: പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ് ഇന്ത്യയിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ഉത്തമ മാതൃകയാണെന്ന് ഡോ. ശശി തരൂര്‍ എം. പി. 

Advertisment


ഡല്‍ഹിയിലെ ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലോധി റോഡിലുള്ള ശ്രീ സത്യസായി ഓഡിറ്റോറിയത്തില്‍ നടത്തിയ ചാവറ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദര്‍ശനങ്ങള്‍ ഇന്നും കാലികപ്രസക്തം

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റാര്‍ക്കും ചിന്തിക്കുന്നതിനപ്പുറത്തുള്ള സാമൂഹിക പരിഷ്‌കരണപരിപാടികള്‍ക്ക്, നിരവധി പ്രതിസന്ധികള്‍ തരണം ചെയ്തുകൊണ്ടുതന്നെ തുടക്കംകുറിക്കുവാന്‍ വിശുദ്ധ ചവറ കുര്യാക്കോസ് ഏലിയാസിന് സാധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ജാതിമതവര്‍ഗ ചിന്തകള്‍ക്കതീതമായി എല്ലാവരെയും ഉള്‍കൊണ്ട് മാനവികതയില്‍ വേരൂന്നിപ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ഇന്നും കാലികപ്രസക്തമാണെന്ന് ഡോ. തരൂര്‍ പറഞ്ഞു.


സമൂഹത്തിലെ ദരിദ്രരുടെയും അധഃസ്ഥിതരുടെയും ഉയര്‍ത്തെഴുന്നേല്‍പ്പിന് ഏറ്റവും അനിവാര്യമായത് വിദ്യാഭ്യാസമാണ്.

ഈ ലക്ഷ്യം സാധിക്കുന്നതിനുവേണ്ടിയാണ് വിശുദ്ധ ചാവറ കുര്യാക്കോസ് പള്ളികളോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചതും ഇന്ത്യയില്‍ ആദ്യമായി ശമ്പളം നല്‍കി മികച്ച അധ്യാപകരെ നിയമിച്ചതും കുട്ടികള്‍ക്ക് സൗജന്യഉച്ചഭക്ഷണം നല്‍കി തുടങ്ങിയതും.

വിപ്ലവകരമായ മാറ്റങ്ങള്‍ 


ഇന്ത്യയിലെ മുന്‍നിര സാമൂഹികപരിഷ്‌കര്‍ത്താക്കള്‍ക്കും വളരെ മുന്‍പുതന്നെ സമൂഹത്തിലെ വ്യത്യസ്തമേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന് സാധിച്ചുവെന്ന് ഡോ. ശശി തരൂര്‍ പറഞ്ഞു. 

'സുസ്ഥിരവികസനം ലക്ഷ്യമാക്കി,  വിദ്യാഭ്യാസമേഖലയില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് മുന്നോട്ടുവച്ച മാതൃക' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണം ഡല്‍ഹിയിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയരംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.


 ഡല്‍ഹിയിലെ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ ഡോ. റോബി കണ്ണഞ്ചിറ സി.എം.ഐ., ഡല്‍ഹി അതിരൂപത സഹായമെത്രാന്‍ ബിഷപ്പ് ദീപക് വലേറിയന്‍ ടൗരോ, ദീപിക അസോസിയേറ്റ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍ എന്നിവര്‍ പ്രസംഗിച്ചു. 


എംപിമാരായ കൊടുക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍, ബെന്നി ബെഹനാന്‍, ആന്റോ ആന്റണി, കെ രാധാകൃഷ്ണന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ കേരളസര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി. തോമസ്, സി.ബി.സി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാദര്‍ മാത്യു കോയിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



 

Advertisment