/sathyam/media/media_files/2025/09/28/photos385-2025-09-28-19-33-05.jpg)
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂറില്‍ ടിവികെ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് 40 പേരുടെ ജീവന്‍ നഷ്ടമായ സാഹചര്യത്തില്‍ വിജയ്‌യുടെ പൊതുപരിപാടികള്‍ക്കും റാലികള്‍ക്കും വിലക്കേര്‍പ്പെടുത്തണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി പരിഗണിക്കും.
ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്റെ അന്വേഷണം അവസാനിക്കുന്നതുവരെ ടിവികെ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് സെന്തില്‍കണ്ണന്‍ എന്നയാളാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
അപകടത്തില്‍ സെന്തില്‍കണ്ണന് പരിക്കേറ്റിരുന്നു. കരൂറിലേത് വെറുമൊരു അപകടമല്ല, മറിച്ച് ആസൂത്രണത്തിലെ പാളിച്ചയുടെയും കടുത്ത കെടുകാര്യസ്ഥതയുടേയും പൊതുസുരക്ഷയെ അവഗണിച്ചതിന്റേയും ഫലമാണെന്ന് സെന്തില്‍കണ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
ഇനി ടിവികെ റാലികള്‍ക്ക് അനുമതി നല്‍കുന്നതില്‍ നിന്ന് തമിഴ്‌നാട് പൊലീസിനെ തടയണമെന്ന് അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പൊതു സുരക്ഷ അപകടത്തിലാകുമ്പോള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം ഒത്തുകൂടാനുള്ള അവകാശത്തെ അസാധുവാക്കുമെന്നും ഹര്‍ജിയിലുണ്ട്.
മനഃപൂര്‍വമല്ലാത്ത നരഹത്യയടക്കം ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പൊതുപരിപാടികള്‍ക്ക് വീണ്ടും അനുമതി നല്‍കുന്നതിനുമുമ്പ് ഇത്തരം അപകടങ്ങളുടെ യഥാര്‍ഥ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് നിശ്ചയിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.