തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്. തീരുമാനം സർവകക്ഷി യോഗത്തിൽ

തെരഞ്ഞെടുപ്പിലെ ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും, വോട്ടര്‍പട്ടിക പരിഷ്‌കരണം 2026ന് ശേഷം മാത്രമേ നടത്താന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

New Update
Untitled

ചെന്നൈ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്. എസ്‌ഐആര്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ഹര്‍ജി നല്‍കും. 

Advertisment

ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. 

തെരഞ്ഞെടുപ്പിലെ ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും, വോട്ടര്‍പട്ടിക പരിഷ്‌കരണം 2026ന് ശേഷം മാത്രമേ നടത്താന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ഉത്തരവാദിത്തത്തോടെയും സ്വതന്ത്രമായും പ്രവര്‍ത്തിക്കാന്‍ ഭരണഘടനാപരമായി ബാധ്യതയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിനായി പ്രവര്‍ത്തിക്കുകയാണെന്നും തമിഴ്‌നാട് ആരോപിക്കുന്നു. 

ബിഹാറിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 

ഒക്ടോബര്‍ 27ലെ വിജ്ഞാപനം അനുസരിച്ച് തമിഴ്‌നാട്ടില്‍ എസ്‌ഐആറുമായി മുന്നോട്ടുപോകാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പൂര്‍ണമായും ജനാധിപത്യ വിരുദ്ധവും ജനങ്ങളുടെ വോട്ടവകാശത്തിനുമേലുള്ള ആക്രമണവുമാണെന്ന് പ്രമേയം പറയുന്നു. 

എസ്‌ഐആര്‍ അംഗീകരിക്കാനാവില്ലെന്നും ഇപ്പോള്‍ നടക്കുന്ന നടപടിക്രമങ്ങള്‍ പിന്‍വലിക്കണമെന്നും സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനത്തിലെ പോരായ്മകള്‍ പരിഹരിക്കണം. സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമായി പാലിക്കണം. പ്രക്രിയയ്ക്ക് മതിയായ സമയം അനുവദിക്കണം.

2026 ലെ തിരഞ്ഞെടുപ്പിന് ശേഷം മാത്രം എസ്ഐആര്‍ നടത്തണം. പൂര്‍ണമായും നിക്ഷപക്ഷവും സ്വതന്ത്രവുമായ രീതിയിലാകണം നടപ്പാക്കേണ്ടതെന്നും പ്രമേയത്തില്‍ പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച ആശങ്കകള്‍ പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചതിനാല്‍, തമിഴ്നാട്ടിലെ എല്ലാ വോട്ടര്‍മാരുടെയും വോട്ടവകാശം സംരക്ഷിക്കുന്നതിന് സുപ്രീം കോടതിയെ സമീപിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും പ്രമേയത്തില്‍ പറയുന്നു.

Advertisment