ചെന്നൈ: തമിഴ് സൂപ്പർ താരം ദളപതി വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി നടൻ സൂര്യ. തന്റെ ഒരു സുഹൃത്ത് പുതിയ വഴിയിൽ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നായിരുന്നു സൂര്യ പറഞ്ഞത്.
കങ്കുവയുടെ ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ച് സംസാരിക്കുന്ന വേളയിലാണ് താരം ആശംസകൾ അറിയിച്ചത് . സൂര്യയുടെ പ്രസംഗത്തിലെ ഈ ഭാഗം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ഞായറാഴ്ചയാണ് വിജയ്‌യുടെ പാർട്ടിയുടെ ആദ്യ പൊതുസമ്മേളനം നടക്കുന്നത്. തമിഴ്നാട് വില്ലുപുരത്ത് 85 ഏക്കർ സ്ഥലത്താണ് പൊതുസമ്മേളനം.
ചടങ്ങിനിടയിൽ നടൻ ബോസ് വെങ്കട്ട് സൂര്യ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു. ആരാധകരെ വിഡ്ഢികളാക്കുന്നവരാകരുത് തലൈവരാകാൻ എന്നും അത്തരത്തിൽ നോക്കുകയാണെങ്കിൽ സൂര്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്നുമായിരുന്നു ബോസ് വെങ്കട്ട് പറഞ്ഞത്.