ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയായതിനാല്‍ ദൈവം ദയ കാണിക്കും. പൊതു പദ്ധതികള്‍ക്കായി മതസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കേണ്ടതില്ല: മദ്രാസ് ഹൈക്കോടതി

മെട്രോ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനായി ക്ഷേത്രങ്ങളുടെ ഭൂമി ഏറ്റെടുക്കണമെന്ന് സി.എം.ആര്‍.എല്‍ അറിയിച്ചതിന് പിന്നാലെ രണ്ട് ക്ഷേത്രങ്ങളിലെയും ഭക്തര്‍ ചേര്‍ന്ന് നീക്കത്തെ എതിര്‍ക്കുകയായിരുന്നു. 

New Update
Madras highcourt

ചെന്നൈ: മെട്രോ സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ ക്ഷേത്രഭൂമി ഏറ്റെടുത്ത് മുന്നോട്ട് പോകാമെന്ന് മദ്രാസ് ഹൈക്കോടതി. മെട്രോ സ്‌റ്റേഷന് വേണ്ടി രണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള ഭൂമി ഏറ്റെടുത്ത് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ മെട്രോ റെയില്‍ ലിമിറ്റഡിന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി.

Advertisment

മതസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഇത്തരം പൊതു പദ്ധതികള്‍ക്കായി ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കേണ്ടതില്ലെന്നും ക്ഷേത്രമാണെന്ന പ്രത്യേക പരിഗണനയൊന്നും ഇക്കാര്യത്തില്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി.


ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയായതിനാല്‍ ദൈവം ദയ കാണിക്കുമെന്നും ദൈവാനുഗ്രഹം ലഭിക്കുകയേ ഉള്ളൂവെന്നും കോടതി വ്യക്തമാക്കി.


ഭരണകൂടത്തിന്റെ ഉന്നതാധികാരം ഉപയോഗിച്ച് മതസ്ഥാപനങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നത് അനുവദനീയമായ ഒരു നടപടിയാണെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 അല്ലെങ്കില്‍ 26 പ്രകാരം മൗലികാവകാശങ്ങളെ ഇത് ലംഘിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ദേശീയ പാതയ്ക്കായി ആരാധനാലയങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഉദ്ധരിച്ചായിരുന്നു മദ്രാസ് ഹൈക്കോടതി ക്ഷേത്ര ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിട്ടത്.

മെട്രോ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനായി ക്ഷേത്രങ്ങളുടെ ഭൂമി ഏറ്റെടുക്കണമെന്ന് സി.എം.ആര്‍.എല്‍ അറിയിച്ചതിന് പിന്നാലെ രണ്ട് ക്ഷേത്രങ്ങളിലെയും ഭക്തര്‍ ചേര്‍ന്ന് നീക്കത്തെ എതിര്‍ക്കുകയായിരുന്നു.