/sathyam/media/media_files/2025/03/06/KtwaM9CJ8Lc32T4zY82O.jpg)
ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ മദ്യവില്പന സ്ഥാപനമായ ടാസ്‌മാകിൽ 1,000 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ടാസ‌്മാകിന്റെ ആസ്ഥാനത്തും വിവിധ മദ്യക്കമ്പനികളുടെ ഓഫിസിലും നടത്തിയ പരിശോധനയിൽ ഇതുസംബന്ധിച്ച രേഖകളും കണക്കിൽപ്പെടാത്ത പണവും കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ 20 ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു.എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട ഇടങ്ങളിലുൾപ്പെടെയായിരുന്നു പരിശോധന.
മദ്യ കമ്പനികളും ടാസ്‌മാക് ഉദ്യോഗസ്ഥരുമാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നാണ് ഇഡി കണ്ടെത്തൽ. ചെലവ് കൂട്ടിക്കാണിച്ചും വില്പന സംബന്ധിച്ച കണക്കുകളിൽ തിരിമറി കാണിച്ചുമാണ് തട്ടിപ്പ് നടത്തിയിരുന്നത്.
മദ്യകുപ്പി നിർമ്മാണ കമ്പനികൾ വഴിയും വൻ തുകയാണ് തിരിമറി നടത്തിയത്. സ്വകാര്യ ഡിസ്റ്റിലിറികളിൽ നിന്ന് കണക്കിൽപ്പെടാത്ത മദ്യം ടാസ്മാകിൽ എത്തിച്ച് വില്പന നടത്തുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കൃത്യമായ രേഖകളില്ലാതെ ടെൻഡർ നൽകിയതിന്റെയും തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
തട്ടിപ്പിൽ ടാസ്മാക് ഉദ്യോഗസ്ഥർക്കു പുറമെ ഡിഎംകെ നേതാക്കൾക്കും ബാറുടമകൾക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ഡിഎംകെ രംഗത്തുവന്നു. ഇഡി ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി സെന്തിൽ ബാലാജി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us