/sathyam/media/media_files/2025/04/06/Td64SGpdRdQfO2Xa1R5W.jpg)
മധുര:സിപിഎം ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട എം.എ ബേബിയുടെ മുന്നിലുള്ളത് കല്ലും മുള്ളും നിറഞ്ഞ പാത.
കേരളത്തിലും രാജ്യത്തും പാർട്ടി യഥാർത്ഥ നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ഇടപെടുകയും തിരുത്തുകയുമാണ്.
പുതിയ ജനറൽ സെക്രട്ടറിക്ക് മുന്നിലുള്ള വലിയ ഉത്തരവാദിത്വം അതിന് കഴിവും പ്രാപ്തിയുമുള്ള നേതാവാണെങ്കിലും ആ കഴിവ് ഉപയോഗിക്കാനാകുമോ എന്നതാണ് ബേബിക്ക് നേരെ ഉയരുന്ന ചോദ്യം.
പ്രബല ഘടകമായ കേരളത്തിലെ പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങി പതിവ് ശൈലിയിൽ മുന്നോട്ടു പോകുകയാണെങ്കിൽ ജനറൽ സെക്രട്ടറി പദവി ബേബിക്ക് മുൾ കീരീടമായി മാറാനാണ് സാധ്യത.
സിപിഎം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.എ. ബേബിയെ കാത്തിരിക്കുന്നത് രാഷ്ട്രീയവും സംഘടനാപരവുമായ വലിയ വെല്ലുവിളികളാണ്.
ദേശീയ രാഷ്ട്രീയത്തിലെ ഇടപെടൽ ശേഷി വർദ്ധിപ്പിക്കുന്നതിനായി പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് രാഷ്ട്രീയ ഉത്തരവാദിത്തം.
കേരളത്തിൽ മാത്രമുള്ള പാർട്ടിയായി ചുരുങ്ങിയ സിപിഎമ്മിനെ പഴയ പ്രൗഡിയിൽ തിരിച്ചെത്തിക്കുക എന്നതാണ് ബേബിയെ കാത്തിരിക്കുന്ന സംഘടനാപരമായ വെല്ലുവിളി.
വലിയ സമരങ്ങളിലൂടെ പാർട്ടികെട്ടിപ്പടുത്ത എ.കെ.ജിയുടെയും ഇ.എം.എസിൻ്റെയും ഹർകിഷൻ സിങ്ങ് സുർജിത്തിൻ്റയും പി സുന്ദരയ്യയുടെയും ജ്യോതി ബസുവിൻ്റെയും തലമുറ ഇല്ലാതായി.
അവരെ മാതൃകയാക്കി വന്ന പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള തുടങ്ങിയവരെല്ലാം പാർട്ടി കമ്മിറ്റികളിൽ നിന്ന് മാറികഴിഞ്ഞു.
ഈ വലിയ വിടവ് നികത്തുകയും പാർട്ടിയെ മുന്നോട്ട് നയിക്കുകയും ചെയ്യുക എന്നതാണ് എം.എ. ബേബിക്ക് മുന്നിലുള്ള ദൗത്യം തുടങ്ങേണ്ടത്.
രാഷ്ട്രിയ സംഘടനാ കാര്യങളിൽ നേതൃപരമായ പങ്ക് വഹിക്കേണ്ടത് ജനറൽ സെക്രട്ടറി പദവിയിൽ ഇരിക്കുന്ന നേതാവിന്റെ ഉത്തരവാദിത്തമാണ് 60 ഓളം എം.പിമാർ ഉണ്ടായിരുന്ന കാലത്ത് നിന്ന് 4 എംപിമാരിലേക്ക് ചുരുങ്ങിയ അവസ്ഥയിലാണ് പാർട്ടി.
ഇതിൽ കേരളം ഒഴികെയുള്ളിടത്ത് സഖ്യകക്ഷികളുടെ ഔദാര്യത്തിൽ ആണ് ജയിച്ചത്. ഈ അവസ്ഥ മറികടന്ന് ദേശീയ തലത്തിൽ നിർണായക ശക്തിയാക്കി മാറ്റുകയാണ് പുതിയ ജനറൽ സെക്രട്ടറിയായ എം.എ.ബേബിക്ക് മുന്നിലുള്ള മുഖ്യ വെല്ലുവിളി.
ബിജെപി വിരുദ്ധ രാഷ്ട്രീയത്തിലേക്ക് ഇതര പാർട്ടികളെ കൂട്ടിയിണക്കുന്ന ശക്തിയായി പ്രവർത്തിക്കാൻ സിപിഎമ്മിന് കഴിഞ്ഞിരുന്നു. ആ പഴയകാലം തിരിച്ചു പിടിക്കുകയും ദേശിയ രാഷ്ട്രീയത്തിലെ ഗണ്യമായ ശബ്ദമായി മാറുകയും ചെയ്യേണ്ടതുണ്ട്.
പാർലമെൻറിൽ സീറ്റ് കുറഞ്ഞതോടെ പാർട്ടിയുടെ ശബ്ദത്തിന് ഇപ്പോൾ കാര്യമായ ശ്രദ്ധകിട്ടുന്നില്ല.സീതാറാം യെച്ചൂരിയുടെ വ്യക്തി പ്രഭാവത്തിലായിരുന്നു ഈ പ്രശ്നം ഒരുപരിധിവരെ പരിഹരിച്ച് പോന്നിരുന്നത്. സീതാറാം യെച്ചൂരിയെ അസാമാന്യമായ വ്യക്തിത്വമോ , ആശയ വിനിമയ ശേഷിയോ, രാഷ്ട്രീയാതീതമായ സൗഹൃദ വലയമോ ബേബിക്ക് അവകാശപെടാനില്ല.
എന്നാൽ രാഷ്ട്രീയ വിഷയങ്ങളിലും പൊതു പ്രശ്നങ്ങളിലും ശക്തവും വ്യക്തവും ആയ നിലപാടുകളുമായി രംഗത്ത് വന്നാൽ ഈ പ്രശ്നം അതിജീവിക്കാം.
ബംഗാൾ, ത്രിപുര പോലുള്ള സംസ്ഥാനങ്ങളിൽ പാർട്ടിയെ രാഷ്ട്രീയമായും സംഘടനാ പരമായും ശക്തിപ്പെടുത്തുക എന്നതും പുതിയ ജനറൽ സെക്രട്ടറിക്ക് മുന്നിലുള്ള വെല്ലുവിളിയാണ്.
34 കൊല്ലം അടക്കി ഭരിച്ച ബംഗാളിൽ ഒരു നിയമസഭാ സീറ്റ് പോലുമില്ല ത്രിപുരയിലെ സ്വാധീനം നാമമാത്ര സീറ്റുകളിൽ ഒതുങ്ങി. ഇവിടങ്ങളിൽ പാർട്ടി സംഘടനയും മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനെല്ലാം പരിഹാരം കാണേണ്ടതുണ്ട്.
കേരളത്തിൽ മാത്രം ശക്തിയുള്ള പാർട്ടിയെന്ന വിളിപ്പേരും കേരളത്തിൽ നിന്നുള്ള നേതാവ് എന്ന നിലയിൽ പുതിയ ജനറൽസെക്രട്ടറിക്ക് ബാധ്യതയാകും.
ഇതര സംസ്ഥാന ഘടകങ്ങളുടെ വിശ്വാസമാർജിച്ച് മുന്നോട്ടു കൊണ്ടുപോകുക എന്നതും ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us