''കാട്ടിൽ ധാരാളം കുറുക്കന്മാരുണ്ടാകും. പക്ഷേ രാജാവ് സിംഹമാണ്. സിംഹം വരുന്നത് വിനോദത്തിനല്ല, വേട്ടയാടാൻ...'' തമിഴകം വാഴാൻ തന്ത്രങ്ങളൊരുക്കി ഇളയദളപതി. എം.ജി.ആറിനെപ്പോലെ അധികാരത്തിലെത്തിക്കാൻ തമിഴ് ജനതയോട് ആഹ്വാനം. തമിഴ് വികാരം ആളിക്കത്തിച്ചും സ്റ്റാലിനെയും മോഡിയെയും കടന്നാക്രമിച്ചും വിജയ്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും വോട്ടുതേടി തുടക്കം. നിയമസഭാ തിരഞ്ഞെടുപ്പിൽ അൽഭുതങ്ങൾ കാട്ടാൻ വിജയ്

നീറ്റ് പരീക്ഷ റദ്ദാക്കണം, കച്ചിത്തീവ് ദ്വീപ് തിരിച്ചു പിടിക്കണം, അഴിമതിക്കാരെ ജയിലിലാക്കണം എന്നിങ്ങനെ തമിഴന്റെ വികാരം ആളിക്കത്തിക്കാനുള്ള എല്ലാ പ്രചാരണവും വിജയ് നടത്തുന്നുണ്ട്.

New Update
vijay dalapathi
Listen to this article
0.75x1x1.5x
00:00/ 00:00

ചെന്നൈ: തമിഴ് വികാരം ആളിക്കത്തിച്ചും ചെറു പാർട്ടികളെ കൂട്ടുപിടിച്ചും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്റ്റാലിന്റെ ഡി.എം.കെയെ അട്ടിമറിക്കാനുള്ള പടയോട്ടത്തിലാണ് നടൻ വിജയ്.

Advertisment

ഇന്നലെ മധുരയിൽ നടന്ന തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) രണ്ടാം സംസ്ഥാന സമ്മേളനത്തിൽ പതിനായിരങ്ങളാണ് വിജയിക്ക് പിന്തുണയുമായി അണിനിരന്നത്.

അഴിമതിയും തമിഴ് വികാരവും ബി.ജെ.പി വിരുദ്ധതയുമെല്ലാം സമം ചാലിച്ച പ്രചാരണ തന്ത്രമാണ് വിജയ് പയറ്റുന്നത്. പ്രധാനമന്ത്രി മോഡിക്കെതിരേ അതിരൂക്ഷ വിമർശനമുയർത്തുകയും മുസ്ലീം വിഭാഗത്തെ കൂടെ നിർത്തുകയും ചെയ്യുന്നു. രാജ്യത്തെ മുസ്ലീങ്ങളെ ദ്രോഹിക്കാനാണോ മോഡി മൂന്നാമതും അധികാരത്തിലെത്തിയതെന്നാണ് വിജയുടെ ചോദ്യം.


അയൽപക്കത്തെ പയ്യൻ എന്ന ഇമേജുള്ള വിജയ് തമിഴ്നാട് തിരഞ്ഞെടുപ്പിൽ അൽഭുതങ്ങൾ സൃഷ്ടിക്കുമെന്ന് വിശ്വസിക്കുന്നവരാണേറെയും. പ്രധാന എതിരാളി ഡി.എം.കെയും പ്രത്യയശാസ്ത്രപരമായ ശത്രു ബി.ജെ.പിയുമാണെന്നാണ് വിജയുടെ പ്രഖ്യാപനം.


vijay dalapathi-2

നീറ്റ് പരീക്ഷ റദ്ദാക്കണം, കച്ചിത്തീവ് ദ്വീപ് തിരിച്ചു പിടിക്കണം, അഴിമതിക്കാരെ ജയിലിലാക്കണം എന്നിങ്ങനെ തമിഴന്റെ വികാരം ആളിക്കത്തിക്കാനുള്ള എല്ലാ പ്രചാരണവും വിജയ് നടത്തുന്നുണ്ട്.

തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്കെതിരായ ശ്രീലങ്കൻ നാവികസേനയുടെ ആക്രമണങ്ങളെ വിജയ് രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടിയല്ല, ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനാണ് ടിവികെ രൂപീകരിച്ചതെന്നും തമിഴ്‌നാട്ടിലെ ജനങ്ങളും സ്ത്രീകളും യുവാക്കളും തന്നോടൊപ്പം നിൽക്കുമെന്നും വിജയ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

കർഷകർ, യുവാക്കൾ, ട്രാൻസ്‌ജെൻഡർ സമൂഹം, നിസ്സഹായരായ വൃദ്ധർ, ശാരീരികമായി ദുർബലരായ ആളുകൾ എന്നിവർക്ക് പ്രത്യേക പിന്തുണ നൽകുന്ന ഒരു സർക്കാർ രൂപീകരിക്കുമെന്നാണ് വാഗ്ദാനം.  


ഒരു സിംഹം ഒരിക്കൽ ഗർജ്ജിച്ചാൽ, ശബ്ദം എല്ലാദിക്കിലും പ്രതിധ്വനിക്കും. അത്തരമൊരു സിംഹം വേട്ടയാടാൻ മാത്രമേ പുറത്തുവരൂ. അത് വിനോദത്തിനായി വരുന്നില്ല.  ജീവനുള്ള മൃഗങ്ങളെ മാത്രമേ വേട്ടയാടൂ. അത് തന്നെക്കാൾ വലിയ മൃഗങ്ങളെ ലക്ഷ്യമാക്കി ആക്രമിക്കും. കാട്ടിൽ ധാരാളം കുറുക്കന്മാരുണ്ടാകും. പക്ഷേ രാജാവ് സിംഹമാണ് - വിജയുടെ വാക്കുകൾ ഇങ്ങനെ.


എം.ജി.ആർ, ജയലളിത, അണ്ണാദുരൈ, കരുണാനിധി, ശിവാജി ഗണേശൻ എന്നിങ്ങനെ വെള്ളിത്തിരയിൽ നിന്നെത്തിയവരെയെല്ലാം തമിഴകം ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. വിജയും അൽഭുതങ്ങൾ കാട്ടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

1967 ലും 1977 ലും രാഷ്ട്രീയ മാറ്റം സംഭവിച്ചതുപോലെ, 2026 ലും മാറ്റം സംഭവിക്കുമെന്നും പെൺകുട്ടികളുടെ സംരക്ഷണമാണ് ടി.വി.കെയുടെ പ്രഥമ പരിഗണനയെന്നും വിജയ് പറയുന്നത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്.

എം.ജി.ആറാണ് രാഷ്ട്രീയത്തിലും സിനിമയിലും ഹീറോ എന്ന് ആവർത്തിച്ച വിജയ് എം.ജി.ആറിനെ പോലെ അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കുന്നു. സിനിമയായാലും രാഷ്ട്രീയമായാലും, ഞങ്ങൾക്ക് ഇഷ്ടപ്പെട്ടത് എം.ജി.ആറിനെയായിരുന്നു. എനിക്ക് അദ്ദേഹവുമായി ഇടപഴകാൻ അവസരം ലഭിച്ചില്ല.

vijay dalapathi-3

സമാനമായ സ്വഭാവമുള്ള വിജയകാന്തുമായി ഇടപഴകാൻ എനിക്ക് ധാരാളം അവസരങ്ങൾ ലഭിച്ചു. അദ്ദേഹം മധുര മണ്ണിൽ നിന്നുള്ളയാളാണ്. അദ്ദേഹത്തെ മറക്കാൻ കഴിയുമോ ?


തമിഴ്‌നാട്ടിലെ ജനങ്ങൾ വൈകാരികമായി നമ്മോടൊപ്പം നിൽക്കുന്നു. മധുരയുടെ മണ്ണ് അതിന്റെ പ്രതീകമാണ്. ടി.വി.കെ ഏറ്റെടുത്ത രാഷ്ട്രീയം യഥാർത്ഥ രാഷ്ട്രീയമാണ്. വൈകാരിക രാഷ്ട്രീയം, നല്ല ആളുകളുടെ രാഷ്ട്രീയം, നല്ല ആളുകൾക്കുവേണ്ടിയുള്ള രാഷ്ട്രീയം, രാജ്യത്തെ ജനങ്ങൾക്കുവേണ്ടിയുള്ള രാഷ്ട്രീയം, നന്മ മാത്രം ചെയ്യുന്ന രാഷ്ട്രീയം - വിജയ് പറഞ്ഞു.


ഡി.എം.കെ മുന്നണിക്ക് ബദലായി ചെറുപാർട്ടികളെ കൂട്ടിയിണക്കി ശക്തമായ മുന്നണിയുണ്ടാക്കാനും വിജയ് ശ്രമിക്കുന്നുണ്ട്.  ടി.വി.കെ നയിക്കുന്ന മുന്നണിയിലേക്ക് എത്തുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അധികാരം കിട്ടുമ്പോൾ ഭരണത്തിലും പങ്കാളിത്തം നൽകുമെന്ന് ‌പ്രഖ്യാപിച്ചു.

തമിഴ്നാട്ടിൽ മുന്നണിയായി മത്സരിച്ച് ഡി.എം.കെ അധികാരത്തിൽ വരുമ്പോഴും അണ്ണാ ഡി.എം.കെ അധികാരത്തിൽ വരുമ്പോഴും ഭരണത്തിൽ മുന്നണിയിലെ മറ്റ് പാർട്ടികൾക്ക് പങ്കാളിത്തം നൽകാറില്ല.

അക്കാര്യത്തിൽ മറ്റ് പാർട്ടികൾക്ക് നീരസവും ഉണ്ട്. അതുകൊണ്ടു തന്നെ ചെറുപാർട്ടികളെ ലക്ഷ്യമിട്ടാണ് ഭരണ പങ്കാളിത്തം എന്ന വാഗ്ദാനം വിജയ്  മുന്നോട്ടു വച്ചത്.

Advertisment