/sathyam/media/media_files/2025/08/30/photos43-2025-08-30-10-31-07.jpg)
ചെന്നൈ: ചെന്നൈയിൽ റൗണ്ട്സിനിടെ കാര്‍ഡിയാക് സര്‍ജൻ കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. സവീത മെഡിക്കൽ കോളജിലെ ഡോക്ടറായ ഗ്രാഡ്‍ലിൻ റോയ് (39) ആണ് മരിച്ചത്.
റോയിയെ രക്ഷിക്കാൻ സഹപ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഹൈദരാബാദിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ പറഞ്ഞു.
ഡോ. റോയിയുടെ മരണം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും 30-40 പ്രായമുള്ള യുവ ഡോക്ടർമാർക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുന്നത് കൂടിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദീര്‍ഘ സമയം ജോലി ചെയ്യുന്നതാണ് ഇത്തരം മരണങ്ങൾക്ക് പ്രധാന കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡോക്ടർമാർ പലപ്പോഴും ഒരു ദിവസം 12-18 മണിക്കൂർ ജോലി ചെയ്യുന്നു. ചിലപ്പോൾ ഒരു ഷിഫ്റ്റിൽ 24 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നു. കൂടാതെ ജോലി സമ്മര്‍ദവുമുണ്ട്.
അനാരോഗ്യകരമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണം, വ്യായാമക്കുറവ്, അവഗണന തുടങ്ങിവയാണ് മറ്റ് കാരണങ്ങൾ.തളർച്ച, വിഷാദം, ഉത്കണ്ഠ എന്നിവയുൾപ്പെടെയുള്ള തൊഴിലിന്‍റെ മാനസിക സമ്മർദവും പലപ്പോഴും അവഗണിക്കപ്പെടുന്നു.