/sathyam/media/media_files/p2VDKg1oCinBl1H4hdDj.jpg)
ചെന്നൈ: മഴ ശക്തമായതോടെ ചെന്നെയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. മിഷോങ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനാല്‍ അടുത്ത മണിക്കൂറുകളില്‍ തമിഴ്‌നാട്ടില്‍ നാല് ജില്ലകളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥ പ്രതികൂലമായതോടെ ചെന്നൈയില്‍ നാളെയും അവധി പ്രഖ്യാപിച്ചു. തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചീപുരം ജില്ലകളിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയെത്തുടര്‍ന്ന് നദികള്‍ കരകവിഞ്ഞതോടെ ജില്ലയിലുള്ള ഡാമുകള്‍ നിറഞ്ഞു. ചെന്നൈക്ക് ചുറ്റുമുള്ള ആറ് ജലസംഭരണികള്‍ 98% നിറഞ്ഞതായി തമിഴ്‌നാട് ജലവിഭവ വകുപ്പ് അറിയിച്ചു. ചെമ്പരമ്പാക്കം അണക്കെട്ടില്‍ നിന്നും 6000 ഘനയടി വെള്ളം തുറന്നു വിടുന്നുണ്ട്. നദികള്‍ക്ക് സമീപത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ഥിതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ വകുപ്പ് മന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. കൂടുതല്‍ എന്‍ഡിആര്‍എഫ് സേന ചെന്നൈയിലേക്ക് എത്തുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്ന് എന്‍ഡിആര്‍എഫിന്റെ മൂന്ന് യൂണിറ്റ് കൂടി ചെന്നൈയിലേക്ക് പുറപ്പെട്ടു. നിലവില്‍ എന്‍ഡിആര്‍എഫിന്റെ 10 യൂണിറ്റുകളാണ് ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.