ഡല്‍ഹി: നക്‌സല്‍ അക്രമം ബാധിച്ച സംസ്ഥാനത്തെ താമസക്കാരുടെ പുനരധിവാസത്തിനും സമാധാനത്തിനും മതിയായ നടപടികള്‍ സ്വീകരിക്കേണ്ടത് ഛത്തീസ്ഗഢ് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണെന്ന് സുപ്രീം കോടതി പറഞ്ഞു.
സംസ്ഥാനത്തെ സുരക്ഷാ സേനയും സാല്‍വ ജുഡും പ്രവര്‍ത്തകരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട 18 വര്‍ഷം പഴക്കമുള്ള കേസുകള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു.
ആക്ടിവിസ്റ്റ് നന്ദിനി സുന്ദര്‍ സമര്‍പ്പിച്ച മനുഷ്യാവകാശ ലംഘന കേസുകളും മറ്റ് ഹര്‍ജികളും ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് അവസാനിപ്പിച്ചു.
സംസ്ഥാനത്ത് നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ (എസ്പിഒ) ഉപയോഗിക്കുന്നത് നിരോധിച്ച 2011 ലെ ഉത്തരവ് പാലിക്കുന്നില്ലെന്ന ആരോപണവും ഇതില്‍ ഉള്‍പ്പെടുന്നു.
'ഛത്തീസ്ഗഢ് സംസ്ഥാനത്ത് പതിറ്റാണ്ടുകളായി ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യം കണക്കിലെടുക്കുമ്പോള്‍, ആ പ്രദേശങ്ങളില്‍ സമാധാനവും പുനരധിവാസവും കൊണ്ടുവരുന്നതിന് കൃത്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണം.'
പാര്‍ലമെന്റോ സംസ്ഥാന നിയമസഭയോ നിര്‍മ്മിക്കുന്ന ഒരു നിയമവും കോടതിയലക്ഷ്യമായി കണക്കാക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
നിയമം പാസാക്കുന്നത് നിയമനിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പ്രകടനമാണെന്നും ഭരണഘടനയ്ക്ക് വിരുദ്ധമല്ലെങ്കില്‍ അതില്‍ ഇടപെടാന്‍ പാടില്ലെന്നും ബെഞ്ച് പറഞ്ഞു.