/sathyam/media/media_files/2026/02/22/chidambaram-2026-02-22-08-46-07.jpg)
ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നികുതി നയങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. ട്രംപ് ഭരണകൂടം നടത്തുന്ന നീക്കങ്ങളെ 'നികുതികളുടെ ആയുധവല്‍ക്കരണം' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇതിനെ ശക്തമായി അപലപിക്കണമെന്നും ആവശ്യപ്പെട്ടു.
എക്‌സിലെ തന്റെ പോസ്റ്റിലൂടെയാണ് ചിദംബരം കേന്ദ്ര സര്‍ക്കാരിനെയും ട്രംപിനെയും ചോദ്യം ചെയ്തത്. 2025 ഏപ്രിലില്‍ ട്രംപ് പ്രഖ്യാപിച്ച പരസ്പര നികുതികള്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ, നികുതികള്‍ വീണ്ടും അടിച്ചേല്‍പ്പിക്കാന്‍ ട്രംപ് പഴുതുകള്‍ തേടുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ നടപടികളെ പരോക്ഷമായി ന്യായീകരിക്കുന്ന ബിജെപി അനുകൂല ട്രോളന്മാരെയും ചില നിരീക്ഷകരെയും ചിദംബരം വിമര്‍ശിച്ചു. ഈ നികുതി വര്‍ദ്ധനവ് ആഗോള വ്യാപാരത്തെ തകിടം മറിക്കുമെന്നും ഇന്ത്യയുടെ കയറ്റുമതിയെ സാരമായി ബാധിക്കുമെന്നും ഇവര്‍ തിരിച്ചറിയുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു.
2026 ഫെബ്രുവരി 2-ന് ഇന്ത്യയും യുഎസും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഉറപ്പുനല്‍കിയ 'പരസ്പര സഹകരണം' ഇതാണോ എന്ന് അദ്ദേഹം ചോദിച്ചു.
ഇന്ത്യ നികുതി നല്‍കുമെന്നും എന്നാല്‍ യുഎസ് നല്‍കില്ലെന്നുമുള്ള ട്രംപിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി, ഇതിനെയാണോ സര്‍ക്കാര്‍ നേട്ടമായി ആഘോഷിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.
കോടതി വിധിക്ക് ശേഷവും നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ച് നികുതി വര്‍ദ്ധിപ്പിക്കാനുള്ള ട്രംപിന്റെ നീക്കം ലോകരാജ്യങ്ങള്‍ അംഗീകരിച്ചിട്ടുള്ള വ്യാപാര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us