/sathyam/media/media_files/2026/02/26/untitled-2026-02-26-11-11-29.jpg)
കോര്‍ബ: ഛത്തീസ്ഗഡിലെ കോര്‍ബ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന 13 മാസം പ്രായമുള്ള വന്യ കേവത് എന്ന പെണ്‍കുട്ടി മരിച്ചു. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ബുധനാഴ്ച ആശുപത്രിയില്‍ വന്‍ പ്രതിഷേധം നടത്തി. സംഭവത്തില്‍ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു.
ജലദോഷവും കഫക്കെട്ടും ന്യൂമോണിയയും ബാധിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 20-നാണ് ബരാംപൂര്‍ സ്വദേശികളായ പ്രിയങ്കയുടെയും സഞ്ജു കേവതിന്റെയും മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആവി പിടിക്കുന്നതിനായി കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് കുത്തിവെപ്പ് നല്‍കിയ ഉടന്‍ നില വഷളായതായി കുടുംബം ആരോപിക്കുന്നു. കുത്തിവെപ്പിന് പിന്നാലെ കുട്ടി കോമയിലാവുകയും ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെടുകയും ചെയ്തു. തെറ്റായ മരുന്ന് നല്‍കിയതാണ് മരണത്തിന് കാരണമായതെന്നാണ് മാതാപിതാക്കളുടെ പരാതി.
കുട്ടിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ ബന്ധുക്കള്‍ ട്രോമ സെന്ററിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പോലീസും നായിബ് തഹസില്‍ദാരും സ്ഥലത്തെത്തി അന്വേഷണം ഉറപ്പുനല്‍കിയ ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.
'കുഞ്ഞിന് ചെറിയ ജലദോഷവും പനിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരുന്ന് നല്‍കി ഒരു ഇന്‍ജക്ഷന്‍ എടുത്തതോടെ കുട്ടി വേദനകൊണ്ട് പുളയുകയും പിന്നീട് അബോധാവസ്ഥയിലാവുകയും ചെയ്തു. നാല് ദിവസം ആ അവസ്ഥയില്‍ തുടര്‍ന്ന ശേഷമാണ് മരണം സംഭവിച്ചത്. ഇത് ഡോക്ടര്‍മാരുടെ അനാസ്ഥയാണ്.' - കുട്ടിയുടെ മുത്തശ്ശി അമൃത നിഷാദ് ആരോപിച്ചു.
ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഡോ. ശശികാന്ത് ഭാസ്‌കര്‍, ഡോ. അനുപമ, ഡോ. ഭോജ് കുമാര്‍ സാഹു എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ ആശുപത്രി ഭരണകൂടം നിയോഗിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണത്തില്‍ വ്യക്തത വരികയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രി മാനേജ്മെന്റ് ചികിത്സാ പിഴവ് നിഷേധിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us