/sathyam/media/media_files/2025/07/13/kaftheeriya-2025-07-13-16-02-04.jpg)
മുംബൈ: ബി.ജെ.പി. എം.എൽ.എ. ഗോപിചന്ദ് പദൽക്കർ ക്രിസ്ത്യൻ പുരോഹിതരെയും പാസ്റ്റർമാരെയും ലക്ഷ്യമിട്ട് നടത്തിയ വിദ്വേഷപരമായ പരാമർശങ്ങൾക്കും അക്രമത്തിന് ആഹ്വാനം ചെയ്തതിനെതിരെയും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനയ്യായിരത്തിലധികം ക്രിസ്ത്യാനികൾ ഇന്ന് മുംബൈയിലെ ആസാദ് മൈതാനത്ത് ഏകദിന പ്രതിഷേധം സംഘടിപ്പിച്ചു.
സകൽ ക്രിസ്തി സമാജ് എന്ന പേരിൽ, 20-ലധികം ക്രിസ്ത്യൻ സംഘടനകളുടെ പിന്തുണയോടെ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 6 മണി വരെ നീണ്ടുനിന്ന ഈ പ്രകടനം, ക്രിസ്ത്യൻ സമൂഹത്തിനെതിരായ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി മാറി.
ക്രിസ്ത്യൻ പാതിരിമാരെ ആക്രമിക്കാൻ പണമിടപാടുകൾ വാഗ്ദാനം ചെയ്ത പദൽക്കറുടെ പ്രസ്താവന പ്രതിഷേധക്കാരിൽ അതിയായ രോഷം സൃഷ്ടിച്ചു. പദൽക്കറെ നിയമസഭയിൽ നിന്ന് അടിയന്തിരമായി പുറത്താക്കണമെന്നും, അദ്ദേഹത്തിനെതിരെ ഉടൻ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നും, സംസ്ഥാനത്ത് ക്രിസ്ത്യൻ സമൂഹത്തിനെതിരായ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ക്രിസ്ത്യൻ സമൂഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രമുഖ രാഷ്ട്രീയ, ക്രിസ്ത്യൻ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. കോൺഗ്രസ് നേതാക്കളായ പ്രതിപക്ഷ നേതാവ് വിജയ് വഡെട്ടിവാർ, എം.എൽ.സി. ഭായ് ജഗ്താപ്, എം.പി. വർഷ ഗായ്ക്ക്വാദ്, എം.പി. അഡ്വ. ഗോവാൽ പാദ്‌വി; എൻ.സി.പി. നേതാക്കളായ ജയന്ത് പാട്ടീൽ, ജിതേന്ദ്ര ആവാഡ്; സമാജ്‌വാദി പാർട്ടി എം.എൽ.എ. അബു അസ്മി; മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് എന്നിവർ പങ്കെടുത്തവരിൽ പ്രധാനികളാണ്. സെന്റ് സേവ്യേഴ്സ് കോളേജിന്റെ മുൻ പ്രിൻസിപ്പൽ ഫാദർ ഫ്രേസർ മസ്‌കരെൻഹാസ്, മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്റെ മുൻ വൈസ് ചെയർപേഴ്സൺ ജാനറ്റ് ഡിസൂസ, ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ കോഡിനേറ്റർ സിന്ധ്യ ഗോഡ് കെ തുടങ്ങിയ പ്രമുഖ ക്രിസ്ത്യൻ വ്യക്തിത്വങ്ങളും പ്രതിഷേധത്തിൽ സന്നിഹിതരായിരുന്നു.
ക്രിസ്ത്യൻ നേതാക്കൾക്ക് നേരെയുള്ള വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കും പള്ളികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കും ഇടയിൽ സംസ്ഥാന സംരക്ഷണം അടിയന്തിരമായി ആവശ്യമാണെന്ന് പ്രതിഷേധക്കാർ ഊന്നിപ്പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയുടെ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ ക്രിസ്ത്യൻ സമൂഹത്തിന് ഭീഷണിയാണെന്നും രാജ്യത്തിന്റെ മതേതര ഘടനയെത്തന്നെ അപകടത്തിലാക്കുന്നുവെന്നും രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ വിഷയം വരും നിയമസഭാ സമ്മേളനങ്ങളിൽ ശക്തമായി ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിജയ് വഡെട്ടിവാർ പ്രത്യേകം എടുത്തുപറഞ്ഞു.
പ്രതിഷേധത്തിൽ സംസാരിക്കവെ, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എം.പി.സി.സി.) ജനറൽ സെക്രട്ടറി ജോജോ തോമസ്, ക്രിസ്ത്യാനികൾ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന വാദങ്ങളെ രൂക്ഷമായി ചോദ്യം ചെയ്തു. വിദ്വേഷ പ്രസംഗം നടത്തിയ എം.എൽ.എക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് താൻ നേരത്തെ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.'
"ആസാദ് മൈതാനത്ത് നടന്ന സമാധാനപരമായ ഈ ക്രിസ്ത്യൻ റാലി പോലെ മറ്റൊരു റാലി മഹാരാഷ്ട്ര പോലീസിന് ഇതിനുമുമ്പ് കാണുവാൻ സാധിച്ചിട്ടുണ്ടോ?" എന്ന് ജോജോ തോമസ് ചോദിച്ചു. "ക്രിസ്ത്യാനികൾ സമാധാനപ്രിയരാണ്. എന്നിട്ടും അവരുടെ നേർക്ക് ഇത്തരത്തിൽ അക്രമത്തിന് മുതിർന്നത് എന്താണെന്ന് ഈ നിമിഷം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്." അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്ന് ആവർത്തിക്കുന്നവർ ചിന്തിക്കേണ്ട ഒരു കാര്യമുണ്ടെന്നും തോമസ് ചൂണ്ടിക്കാട്ടി. "യോഗം നടക്കുന്ന ആസാദ് മൈതാനത്തിന് തൊട്ടുമുന്നിൽ കാണുന്ന സെന്റ് സേവ്യേഴ്സ് കോളേജിൽ പഠിച്ചവർ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിമാർ വരെയായിട്ടുണ്ട്. ഇത് മഹാരാഷ്ട്രയിലെ ഒരു ക്രിസ്ത്യൻ കോളേജാണ്, എന്നിട്ടും അവിടെ പഠിക്കുന്ന ആരെയും മതം മാറ്റാൻ ആരും ശ്രമിക്കുന്നില്ല," അദ്ദേഹം പറഞ്ഞു. "ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്രിസ്ത്യൻ സ്ഥാപനങ്ങൾ സ്കൂളുകളും ആശുപത്രികളും നടത്തുന്നുണ്ട്. ഇവിടെങ്ങളിൽ എവിടെയാണ് മതപരിവർത്തനം നടക്കുന്നത്? മഹാരാഷ്ട്രയിലെ ക്രിസ്ത്യൻ സ്കൂളുകളിൽ പ്രവേശനം ലഭിക്കാൻ വലിയ തിരക്കാണ്. ഇവിടെയെല്ലാം മതപരിവർത്തനം നടത്തുന്നുണ്ടെങ്കിൽ ക്രിസ്ത്യാനികളുടെ എണ്ണം കൂടുകയല്ലേ വേണ്ടത്? എന്നാൽ ദിനംപ്രതി ക്രിസ്ത്യൻ സമുദായം താഴോട്ട് പോകുന്ന നിലയാണ് രാജ്യത്ത് നിലവിലുള്ളത്. എന്തുകൊണ്ടാണെന്ന് ഈ പറയുന്നവർ സ്വയം ചിന്തിച്ചാൽ മനസ്സിലാവും."
"കേരളത്തിലെ ക്രിസ്ത്യാനികളോട് സ്നേഹം നടിക്കുമ്പോഴും, മഹാരാഷ്ട്രയിൽ സ്വന്തം എം.എൽ.എ. ക്രിസ്ത്യൻ പുരോഹിതരെ ആക്രമിക്കാൻ പരസ്യമായി ആഹ്വാനം ചെയ്യുന്നത് ബി.ജെ.പി.യുടെ കാപട്യം തുറന്നുകാട്ടുന്നു," ജോജോ തോമസ് കൂട്ടിച്ചേർത്തു. മതപരിവർത്തനം ആരെങ്കിലും നിർബന്ധപൂർവ്വം നടത്തുന്നുണ്ടെങ്കിൽ അതിന് ഒരു കാരണവശാലും യോജിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.