ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ മൂത്രമൊഴിക്കുകയും സഹയാത്രികയോട് മോശമായി പെരുമാറുകയും ചെയ്തു: സിവില്‍ ജഡ്ജിനെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞ് സുപ്രീംകോടതി

ഇന്‍ഡോർ-ജബല്‍പൂര്‍ യാത്രയ്ക്കിടെ ജഡ്ജി നവ്‌നീത് സിംഗ് യാദവ് മദ്യപിച്ച നിലയില്‍ സഹയാത്രക്കാരോട് അസഭ്യം പറയുകയും ട്രാവലിങ് ടിക്കറ്റ് എക്‌സാമിനറെ (ടിടിഇ) ഔദ്യോഗിക കടമകള്‍ നിര്‍വഹിക്കുന്നതിന് തടസപ്പെടുത്തുകയും ചെയ്തതിനാണ് നടപടി.

New Update
supreme court

ന്യൂഡല്‍ഹി: ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ മൂത്രമൊഴിക്കുകയും സഹയാത്രികയോട് മോശമായി പെരുമാറുകയും ചെയ്തതിന് കുറ്റാരോപിതനായ സിവില്‍ ജഡ്ജിനെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞ് സുപ്രീംകോടതി. 

Advertisment

ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി നല്‍കിയ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടൽ. 

2018-ലെ സംഭവവുമായി ബന്ധപ്പെട്ടാണ് ഈ നടപടി.

ഇന്‍ഡോർ-ജബല്‍പൂര്‍ യാത്രയ്ക്കിടെ ജഡ്ജി നവ്‌നീത് സിംഗ് യാദവ് മദ്യപിച്ച നിലയില്‍ സഹയാത്രക്കാരോട് അസഭ്യം പറയുകയും ട്രാവലിങ് ടിക്കറ്റ് എക്‌സാമിനറെ (ടിടിഇ) ഔദ്യോഗിക കടമകള്‍ നിര്‍വഹിക്കുന്നതിന് തടസപ്പെടുത്തുകയും ചെയ്തതിനാണ് നടപടി.

ഒരു സ്ത്രീ യാത്രക്കാരിയെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നും, സീറ്റില്‍ മൂത്രമൊഴിച്ചതായും കേസിലുണ്ട്. 

ജുഡീഷ്യല്‍ ഐഡന്‍റിറ്റി കാര്‍ഡ് കാണിച്ച് ഭീഷണിപ്പെടുത്തിയതും യാത്രയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങാതിരുന്നതും ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നു.

വകുപ്പുതല അന്വേഷണത്തിനു ശേഷം ഗവര്‍ണറുടെ ഉത്തരവിനെ തുടര്‍ന്ന് അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

 എന്നാല്‍ സാക്ഷികള്‍ കൂറുമാറിയതിനാല്‍ ഇയാളെ വെറുതെ വിട്ടെങ്കിലും, വകുപ്പ് നടപടിയില്‍ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടു. പക്ഷേ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പിരിച്ചുവിടല്‍ റദ്ദാക്കി പുനഃസ്ഥാപനത്തിന് ഉത്തരവിട്ടു.


തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്‍റെ അപ്പീലിനെ തുടര്‍ന്നാണ് സുപ്രീംകോടതി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ച് ഇന്ന് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. 'ഇത് ഏറ്റവും ഗുരുതരവും അനുചിതവുമായ പ്രവര്‍ത്തിയാണെന്നും ജോലിയില്‍ നിന്നും പിരിച്ചുവിടുകയാണ് വേണ്ടിയിരുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരുടെ ഇടപെടൽ. 

കേസില്‍ പ്രതിക്ക് നോട്ടീസ് അയച്ച സുപ്രീംകോടതി, ഗവര്‍ണറുടെ പിരിച്ചുവിടല്‍ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ തന്നെ പുനഃസ്ഥാപനം തടഞ്ഞിരിക്കുകയാണ്. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വാദങ്ങള്‍ തുടരും.

Advertisment