/sathyam/media/media_files/2025/07/24/supreme-court-untitledhi-2025-07-24-11-50-49.jpg)
ഡല്‍ഹി: തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഗവര്‍ണര്‍മാരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വരുമോ എന്ന് കേന്ദ്രത്തോട് ചോദിച്ച് സുപ്രീം കോടതി. ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ ഗവര്‍ണര്‍മാര്‍ക്ക് അവയെ അസാധുവാക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു.
ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം അംഗീകാരത്തിനായി സമര്‍പ്പിച്ച ബില്ലുകള്‍ക്ക് ഗവര്‍ണര്‍മാര്‍ അനുമതി നല്‍കാതിരുന്നാല്‍ അവ അസാധുവാകുമെന്ന കേന്ദ്രത്തിന്റെ വാദം ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പരിശോധിക്കുകയായിരുന്നു.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അഭിഭാഷകന്‍ കനു അഗര്‍വാളുമാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായത്.
'തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെക്കാള്‍ വലിയ അധികാരം ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിരിക്കുകയാണോ? ഈ രീതിയില്‍ ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ തടഞ്ഞാല്‍, ഭൂരിപക്ഷമുള്ള സര്‍ക്കാരുകള്‍ ഗവര്‍ണറുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വരും' എന്നും ചീഫ് ജസ്റ്റിസ് ഗവായി പറഞ്ഞു.
ബില്ലുകള്‍ക്ക് അനുമതി നല്‍കാതിരിക്കാനുള്ള ഗവര്‍ണറുടെ അധികാരം അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാനുള്ളതാണെന്ന് മേത്ത മറുപടി നല്‍കി.
രാജ്യത്തിന്റെ ജനാധിപത്യപരമായ ഇച്ഛയെ ഇല്ലാതാക്കുന്നതോ, മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതോ, നിലവിലുള്ള കേന്ദ്ര നിയമത്തിന് വിരുദ്ധമായതോ ആയ സാഹചര്യങ്ങളില്‍ മാത്രമാണ് ഈ അധികാരം ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.