ന്യൂഡൽഹി : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻെറ കമ്പനിയുമായി മാസപ്പടി ഇടപാട് നടത്തിയ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിന് എതിരെ ഗുരുതരാരോപണവുമായി കേന്ദ്രസർക്കാർ.
185 കോടിയുടെ അനധികൃത പണമിടപാട് നടത്തിയ സ്ഥാപനമാണ് സി.എം.ആർ.എൽ എന്നാണ് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചത്.
ഈ തുക എല്ലാം നൽകിയത് വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾക്കും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കുമാണ്.
സങ്കൽപ്പത്തിനും അപ്പുറത്തുളള അഴിമതിയാണ് നടന്നിട്ടുളളതെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് നിയമവിരുദ്ധമായി പണം നൽകിയതിൽ നിയമം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും
കേന്ദ്രസർക്കാരും ആദായ നികുതി വകുപ്പും കോടതിയിൽ എഴുതി നൽകിയ വാദത്തിൽ വിശദീകരിച്ചിട്ടുണ്ട്. എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ ഹർജിയിലാണ് കമ്പനിയെ വെട്ടിലാക്കുന്ന ഗുരുതരമായ വെളിപ്പെടുത്തലുകൾ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയവും ആദായ നികുതി വകുപ്പും ഗുരുതരാരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി നടത്തിയ മാസപ്പടി ഇടപാടിനെ കുറിച്ചുളള എസ്.എഫ്.ഐ.ഒ അന്വേഷണത്തെ പ്രതിരോധിക്കാനാണ് കോടതിയെ സമീപിച്ചിരിക്കുന്നതെങ്കിലും സി.എം.ആർ.എല്ലിൻെറ മൊത്തം ഇടപാടുകളും വെളിച്ചെത്ത് എത്തിക്കുന്ന ഇടപെടലാണ് കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നത്.
ഫലത്തിൽ ഹർജി കൊടുത്ത് വെട്ടിലായ അവസ്ഥയിലാണ് സി.എം.ആർ.എൽ കമ്പനി. കരിമണൽ കമ്പനിയുടെ മൊത്തം സാമ്പത്തിക ഇടപാടുകളിലേക്കും വെളിച്ചം വീശുന്ന വിവരങ്ങൾ പുറത്തുവരുന്നതോടെ മുഖ്യമന്ത്രിയും മകളും മാത്രമല്ല സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയിട്ടുളള മറ്റ് രാഷ്ട്രീയ നേതാക്കളുടെ നിലയും പരുങ്ങലിലാണ്.
കോടതി നിർദ്ദേശ പ്രകാരം ഡൽഹി ഹൈക്കോടതിയിൽ എഴുതി സമർപ്പിച്ച വിശദ വാദത്തിലാണ് കരിമണൽ കമ്പനിക്കെതിരെ ഗുരുതരാരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് വിവിധ രാഷ്ട്രീയ നേതാക്കൾക്കും സ്ഥാപനങ്ങൾക്കും സി.എം.ആർ.എൽ അനധികൃതമായി പണം നൽകിയതെന്നാണ് കോടതിയിൽ സമർപ്പിച്ച വാദത്തിൽ ആരോപിച്ചിരിക്കുന്നത്.
ആകെ 185 കോടിയുടെ അനധികൃത പണമിടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻെറ കമ്പനിയായ എക്സാലോജികുമായി നടത്തിയത് 1.72 കോടി രൂപയുടെ ഇടപാടാണ്.
കോർപ്പറേറ്റ് സ്ഥാപനത്തിന്റെ മറവിൽ സി.എം.ആർ.എൽ നടത്തിയത് സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറമുളള അഴിമതിയാണ്. നിയമവിരുദ്ധമായ പണം ഇടപാടുകൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ തകർക്കുന്ന അഴിമതിയാണെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
അനധികൃതമായി നടത്തിയ പണമിടപാട് കണക്കിൽ കൊളളിക്കുന്നതിനായി സി.എം.ആർ.എൽ തന്ത്രപരമായ സമീപനം സ്വീകരിച്ചതായും കോടതിയെ അറിയിച്ചിട്ടുണ്ട്.കമ്പനിയുമായി ബന്ധപ്പെട്ട കച്ചവടക്കാരുടെ ചരക്ക് നീക്കത്തിന് ചെലവായ തുകയിൽ ഉൾപ്പെടുത്തിയാണ് കണക്കിൽ കാണിച്ചത്.