/sathyam/media/media_files/2025/04/10/5SqEpkUuUkFuDTfrXMSQ.jpg)
കോയമ്പത്തൂർ: ആർത്തവക്കാരിയായ ദലിത് വിദ്യാർഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി. കോയമ്പത്തൂരിലെ സ്വകാര്യ സ്‌കൂളിലാണ് എട്ടാംക്ലാസ് വിദ്യാർഥിനിയെ പുറത്തിരുത്തി പരീക്ഷ എഴുതിച്ചത്.
ക്ലാസ് മുറിയുടെ സ്റ്റെപ്പിലിരുന്ന് പരീക്ഷ എഴുതുന്ന കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട വിദ്യാഭ്യാസ വകുപ്പ് പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു.
1.22 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ക്ലാസ് മുറിയുടെ സ്റ്റെപ്പിലിരുന്ന് പരീക്ഷയെഴുതുന്ന കുട്ടിയുടെ കയ്യിലുള്ള ഉത്തരക്കടലാസിൽ 'സ്വാമി ചിദ്ഭാവനന്ദ മെട്രിക് ഹയർ സെക്കൻഡറി സ്‌കൂൾ, സെങ്കുട്ടൈപാളയം' എന്നാണ് സ്‌കൂളിന്റെ പേര് പ്രിന്റ് ചെയ്തിരിക്കുന്നത്.
ഇവിടെയിരുന്ന പരീക്ഷയെഴുതാനാണ് പ്രിൻസിപ്പൽ ആവശ്യപ്പെട്ടതെന്ന് കുട്ടി ഒരു സ്ത്രീയോട് പറയുന്നത് വീഡിയോയിൽ കേൾക്കാം.ഇത് കുട്ടിയുടെ അമ്മയാണെന്നാണ് വിവരം. ഇത് ആദ്യമല്ലെന്നും നേരത്തെയും ഇത്തരത്തിൽ ഒറ്റക്കിരുത്തി പരീക്ഷ എഴുതിച്ചിട്ടുണ്ടെന്നും കുട്ടി പറയുന്നുണ്ട്.
കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടത് പ്രകാരമാണ് പുറത്തിരുത്തി പരീക്ഷ എഴുതിച്ചത് എന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. കുട്ടികൾക്കെതിരായ ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്‌നാട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അൻബിൽ മഹേഷ് പറഞ്ഞു.
സംഭവത്തിൽ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്. സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us