തമിഴ്നാട്ടിൽ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു. ബന്ധുക്കൾ പിടിയിൽ. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്

വേട്ട തുടരുന്നതിനിടെ മാൻ ആണെന്ന് തെറ്റിദ്ധരിച്ച് പാപ്പയ്യൻ സഞ്ജിത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
images(709)

കോയമ്പത്തൂർ: തമിഴ്നാട് കോയമ്പത്തൂരിൽ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് (23) കൊല്ലപ്പെട്ടത്. 

Advertisment

സംഭവത്തൽ സഞ്ജിത്തിന്റെ ബന്ധുക്കളായ കാരമട വെള്ളിയങ്കാട് കുണ്ടൂർ സ്വദേശി കെ. മുരുകേശൻ (37), അൻസൂർ സ്വദേശി എൻ. പാപ്പയ്യൻ (50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ശനിയാഴ്ച വൈകുന്നേരം പ്രവീണും പപ്പയ്യനും സഞ്ജിത്തിന്റെ വീട്ടിലെത്തി മദ്യപിക്കുകയും അത്താഴം കഴിക്കുകയും ചെയ്ത ശേഷം കാരമട ഫോറസ്റ്റ് റേഞ്ചിൽ പില്ലൂർ അണക്കെട്ടിനു സമീപമുള്ള അത്തിക്കടവ് വനത്തിലേക്ക് മാൻ വേട്ടയ്ക്കായി പോയതായിരുന്നു. മദ്യലഹരിയിൽ നാടൻ തോക്കുകളുമായാണ് മൂവർ സംഘം വേട്ടയ്ക്ക് പോയത്.

വേട്ട തുടരുന്നതിനിടെ മാൻ ആണെന്ന് തെറ്റിദ്ധരിച്ച് പാപ്പയ്യൻ സഞ്ജിത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഇതോടെ പ്രതികൾ കടന്നുകളഞ്ഞു. 

ഞായറാഴ്ച രാവിലെ ഭവാനി നദിയുടെ തീരത്തുള്ള ഒരു വനപ്രദേശത്ത് സഞ്ജിത്തിന് വെടിയേറ്റതായി മുരുകേശൻ കുടുംബത്തെ അറിയിച്ചു. സ്ഥലത്തെത്തിയ ആദിവാസികൾ സഞ്ജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുറ്റകൃത്യം നടന്ന സ്ഥലം പൊലീസ് പരിശോധന നടത്തുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മേട്ടുപ്പാളയത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളിൽ നിന്നും നാടൻ തോക്കും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisment