കോയമ്പത്തൂര്‍: 1998ല്‍ കോയമ്പത്തൂരില്‍ നടന്ന സ്ഫോടന കേസിലെ മുഖ്യപ്രതി എ രാജ എന്ന 'ടെയ്ലര്‍ രാജ'യെ, 26 വര്‍ഷത്തെ ഒളിവിന് ശേഷം പൊലീസ് കര്‍ണാടകയില്‍ നിന്ന് പിടികൂടി. കോയമ്പത്തൂര്‍ സിറ്റി പൊലീസ്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡുമായി ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
48 വയസ്സുള്ള രാജ, സാദിഖ്, വലര്ന്ത രാജ, ഷാജഹാന്‍ അബ്ദുല്‍ മജീദ് മകന്ദര്‍ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. നിരോധിത സംഘടനയായ അല്‍-ഉമ്മയുടെ മുന്‍നിര കേഡറായിരുന്ന രാജ, സ്ഫോടനങ്ങള്‍ക്ക് ഉപയോഗിച്ച ബോംബുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തതില്‍ മുഖ്യപങ്ക് വഹിച്ചു.
1998 ഫെബ്രുവരി 12-14 തീയതികളില്‍ വാടകക്കെട്ടിടത്തില്‍ ബോംബുകള്‍ നിര്‍മ്മിച്ച് അല്‍-ഉമ്മ കേഡറുകള്‍ക്ക് വിതരണം ചെയ്തതായാണ് പൊലീസ് കണ്ടെത്തിയത്.
1998ല്‍ കോയമ്പത്തൂരില്‍ നടന്ന ഈ സ്ഫോടനങ്ങളില്‍ 58 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവം ബിജെപി നേതാവ് എല്‍.കെ. അദ്വാനിയുടെ തിരഞ്ഞെടുപ്പ് റാലിക്കായി കോയമ്പത്തൂരില്‍ എത്തിയ സമയത്താണ് നടന്നത്. കേസില്‍ പ്രധാന പ്രതികളായ 17 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു, എന്നാല്‍ രാജ ഒളിവിലായിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും, ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.