കോയമ്പത്തൂര്‍: 1998ലെ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി സാദിഖ് പിടിയിലായതായി തമിഴ്നാട് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വ്യാഴാഴ്ച അറിയിച്ചു. ഈ സ്‌ഫോടനത്തില്‍ 58 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
26 വര്‍ഷമായി ഒളിവിലായിരുന്നു സാദിഖ്. പേര് മാറ്റി ഒളിവില്‍ കഴിയുകയായിരുന്നു. ടെയ്ലര്‍ രാജ, വല്ലാരന്ത രാജ, ഷാജഹാന്‍ അബ്ദുള്‍ മജിദ് മകന്ദര്‍, ഷാജഹാന്‍ ഷെയ്ഖ് തുടങ്ങിയ വ്യത്യസ്ത പേരുകള്‍ ഉപയോഗിച്ചിരുന്നു.
വിശ്വസനീയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ നിന്നാണ് എടിഎസും കോയമ്പത്തൂര്‍ സിറ്റി പോലീസും ചേര്‍ന്ന് സാദിഖിനെ പിടികൂടിയത്.
കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനത്തിന് പുറമേ, 1996-ല്‍ കോയമ്പത്തൂരില്‍ ജയില്‍ വാര്‍ഡന്‍ ഭൂപാലന്‍ കൊല്ലപ്പെട്ട പെട്രോള്‍ ബോംബ് ആക്രമണം, നാഗൗറിലെ സൈത കൊലക്കേസ്, 1997-ല്‍ മധുരയില്‍ ജയിലര്‍ ജയപ്രകാശിന്റെ കൊലപാതകം എന്നിവയിലും ഇയാള്‍ പ്രതിയാണ്.
അടുത്തിടെ, ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയില്‍ നിന്ന് വാണ്ടഡ് ക്രിമിനലുകളായ അബൂബക്കര്‍ സിദ്ദിഖ്, മുഹമ്മദ് അലി എന്ന യൂനസ് എന്നിവരെയും എടിഎസ് പിടികൂടിയിരുന്നു.
സാദിഖിന്റെ അറസ്റ്റ് ദീര്‍ഘകാലമായി ഒളിവില്‍ കഴിയുന്ന പ്രതികളില്‍ മൂന്നാമത്തെ പ്രധാന അറസ്റ്റാണ്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു. ആഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ തമിഴ്നാട് രാജ്യത്ത് മുന്‍പന്തിയിലാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.