/sathyam/media/media_files/xSgs5dwkr3pvMvbarIhZ.jpg)
ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്ന് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ സംഭവത്തില്‍ രാഷ്ട്രീയവിവാദം.
ടെര്‍മിനല്‍ ഒന്നിലാണ് അപകടമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി. മാര്‍ച്ച് 10ന് മോദിയാണ് വിമാനത്താവളത്തിലെ തകര്‍ന്നുവീണ ഭാഗം ഉദ്ഘാടനം ചെയ്തതെന്ന് ഖാര്‍ഗെ വിമര്‍ശിച്ചു.അഴിമതിയും അനാസ്ഥയുമാണ് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
"ഡൽഹി എയർപോർട്ട് (ടി 1) മേൽക്കൂര തകർച്ച, ജബൽപൂർ വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർച്ച, അയോധ്യയിലെ പുതിയ റോഡുകളുടെ പരിതാപകരമായ അവസ്ഥ, രാം മന്ദിർ ചോർച്ച, മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് റോഡിലെ വിള്ളലുകൾ, ബിഹാറില്‍ 2023ലും 2024ലും തകര്‍ന്ന 13 പുതിയ പാലങ്ങള്‍, ഗുജറാത്തിലെ മോർബി പാലം തകർച്ച എന്നിവ 'ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ' സൃഷ്ടിക്കുമെന്ന മോദിയുടെയും ബിജെപിയുടെയും അവകാശവാദങ്ങളെ തുറന്നുകാട്ടുന്ന ചില വ്യക്തമായ സംഭവങ്ങളാണ് !''-ഖാര്‍ഗെ വിമര്‍ശിച്ചു.
2009ൽ നിർമിച്ച പഴയ കെട്ടിടത്തിൻ്റെ ഭാഗത്തെ മേല്‍ക്കൂരയാണ് തകര്‍ന്നതെന്ന് സ്ഥലം സന്ദർശിച്ച കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു കിഞ്ജരാപ്പു പറഞ്ഞു. സംഭവത്തെ ഗൗരവത്തോടെ കാണുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടം മറുവശത്താണെന്നും മന്ത്രി പറഞ്ഞു.
Corruption and criminal negligence is responsible for the collapse of shoddy infrastructure falling like a deck of cards, in the past 10 years of Modi Govt.
— Mallikarjun Kharge (@kharge) June 28, 2024
⏬Delhi Airport (T1) roof collapse,
⏬Jabalpur airport roof collapse,
⏬Abysmal condition of Ayodhya's new roads,
⏬Ram…
അനാസ്ഥയാണ് ക്യാബ് ഡ്രൈവറുടെ ദാരുണമായ മരണത്തിലേക്ക് നയിച്ചതെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. മൂന്ന് മാസം മുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ജബൽപൂർ വിമാനത്താവളത്തിൻ്റെ മേൽക്കൂരയും തകർന്നു. അയോധ്യയിലെ നിർമാണ പ്രവർത്തനങ്ങളുടെ മോശം അവസ്ഥയിൽ രാജ്യം മുഴുവൻ ദു:ഖിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
സംഭാവനകള്‍ വാങ്ങി ബിസിനസ് നല്‍കുന്ന ബിജെപിയുടെ അഴിമതി മാതൃകയാണ് പുറത്തുവന്നത്. ഈ മോശം നിർമ്മാണ പ്രവർത്തനങ്ങളുടെയും ഈ അഴിമതി മോഡലിൻ്റെയും ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുക്കുമോ എന്നതാണ് ചോദ്യമെന്നും പ്രിയങ്ക പ്രതികരിച്ചു.
കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് 'ഏറ്റവും വലിയ കിക്ക്ബാക്ക്' അയച്ചവർക്കാണ് കരാർ ലഭിച്ചതെന്നായിരുന്നു ബിജെപി നേതാവ് അമിത് മാളവ്യയുടെ ആരോപണം. 2009ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലിരിക്കെയാണ് ടി1ൻ്റെ തകർച്ചയുണ്ടായത്. അന്ന് ഗുണനിലവാര പരിശോധന എന്ന സങ്കൽപ്പമൊന്നും ഉണ്ടായിരുന്നില്ല. അന്നത്തെ 'സൂപ്പർ പ്രധാനമന്ത്രി'യായിരുന്ന സോണിയ ഗാന്ധി ഇതിന് ഉത്തരം പറയണമെന്നും മാളവ്യ പറഞ്ഞു.