/sathyam/media/media_files/2025/08/20/bittu_rijiju200825-2025-08-20-18-13-50.webp)
ന്യൂഡൽഹി: ലോക്സഭയിൽ ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ തൃണമൂൽ കോൺഗ്രസ് വനിതാ എംപിമാരായ മിതാലി ബാഗിനെയും ശതാബ്ദി റോയിയെയും കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും രവ്നീത് സിംഗ് ബിട്ടുവും ആക്രമിച്ചെന്നാരോപിച്ച് ടി.എം.സി രംഗത്ത്.
സഹപ്രവർത്തകരോടൊപ്പം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കവേയാണ് സംഭവം നടന്നതെന്ന് എംപി കല്യാണ്ബാനർജി പറഞ്ഞു. സംഭവത്തിൽ ബന്ധപ്പെട്ട മന്ത്രിമാർ രാജിവെക്കണമെന്ന് ടി.എം.സി ആവശ്യപ്പെട്ടു.
"ഞങ്ങൾ ബില്ലിനെതിരെ പ്രതിഷേധിക്കവേ മന്ത്രിമാരായ റിജിജുവും ബിട്ടുവും എന്നെ ആക്രമിച്ചു. അവർ എന്നെ തള്ളിമാറ്റി. ഇത് അപലപനീയമാണ്" – മിതാലി ബാഗ് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.
മുപ്പതു ദിവസം തുടർച്ചയായി ജയിലിൽ കഴിയുന്ന പക്ഷം പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും ഉൾപ്പെടെ ഏതുമന്ത്രിയേയും സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി കൊണ്ടുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിക്കുമ്പോഴായിരുന്നു പ്രതിപക്ഷ പ്രതിഷേധം ശക്തമായത്.