ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് പിന്നാലെ സംഘടനാ തലത്തിൽ അഴിച്ചുപണിക്ക് ഒരുങ്ങി കോൺഗ്രസ്. ജനപിന്തുണയുളള നേതാക്കളെയും യുവാക്കളേയും ദേശിയ നേതൃത്വത്തിലേക്ക് ഉയർത്തികൊണ്ടുവരും. കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ പ്രത്യേക കർമ്മ പദ്ധതി. ഹിന്ദി ഹൃദയ ഭൂമിയിൽ ശക്തിയാർജിക്കാൻ ജനറൽ സെക്രട്ടറി പദവിയിലേക്ക് കൂടുതൽ നേതാക്കളെ പരിഗണിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെലഗാവ് : ലോകസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിട്ട സാഹചര്യത്തിൽ സംഘടനാ തലത്തിൽ അഴിച്ചുപണി നടത്താൻ കോൺഗ്രസ് ഹൈക്കമാൻഡ്.

Advertisment

സംഘടനാതലത്തിൽ അടിമുടി മാറ്റം വരുത്തുക ലക്ഷ്യമിട്ടുളള നീക്കത്തിൽ ജനപിന്തുണയുളള നേതാക്കളെയും ചെറുപ്പക്കാരെയും ദേശിയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. എ.ഐ.സി.സി ജനറൽ സെക്രട്ടറി പദവിയിലേക്കാണ് കൂടുതൽ നേതാക്കളെ പരിഗണിക്കുക.


മുൻ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങൾ പിടിക്കാൻ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കും. 


മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷപദം ഏറ്റെടുത്ത കർണാടകയിലെ സമ്മേളനത്തിൻെറ നൂറാം വാർഷികാഘോഷത്തിനിടെ ചേ‍ർന്ന വിശാല പ്രവർത്തകസമിതി യോഗത്തിലാണ് നിർണായ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.

publive-image

സംഘടനാപരമായ പോരായ്മകളും എതിരാളികളുടെ തന്ത്രങ്ങൾ മനസിലാക്കി മറുതന്ത്രങ്ങൾ മെനയുന്നതിലും ഊർജസ്വലമായ ഇടപെടൽ നടത്തുന്നതിലും സംഘടനാതലത്തിലുളള പോരായ്മയാണ് തടസം എന്നാണ് വിലയിരുത്തൽ.


ഈ സാഹചര്യത്തിലാണ് സംഘടനാ രംഗത്ത് അഴിച്ചുപണി ഉദ്ദേശിക്കുന്നത്. കോൺഗ്രസിൻെറ സംഘടനാ സംവിധാനത്തിൽ അടിമുടി മാറ്റമാണ് ബെലഗാവ് സമ്മേളനത്തിൻെറ ലക്ഷ്യം.


ഇതിനകം ബി.ജെ.പി കൈയ്യടക്കി കഴിഞ്ഞ രാജ്യത്തെ ഹിന്ദി ഹൃദയ ഭൂമിയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനും കോൺഗ്രസ് തയാറെടുക്കുന്നുണ്ട്. 

ഈ പ്രദേശങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താനായി ഇതേ മേഖലയിൽ നിന്നുള്ള കൂടുതൽ നേതാക്കൻമാരെ ജനറൽ സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കണമെന്നാണ് വിശാല പ്രവർത്തക സമിതി യോഗത്തിലെ പൊതു വികാരം.


ഹരിയാനയിലെ അപ്രതീക്ഷിത തോൽവിയും മഹാരാഷ്ട്രയിലെ തിരിച്ചടിയും കണക്കിലെടുത്ത് ഡൽഹി പിടിക്കാൻ പ്രത്യേക കർമ്മ പദ്ധതിക്ക് രൂപം നൽകുന്നതിനും തീരുമാനമുണ്ട്


ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിൽ പെട്ട ആം ആദ്മി പാർട്ടിയാണ് മുഖ്യ എതിരാളിയെങ്കിലും വിട്ടു വീഴ്ചയില്ലാത്ത പോരാട്ടതിനാണ് കോൺഗ്രസ് തയാറെടുക്കുന്നത്. ഇപ്പോൾ തന്നെ ആം അദ്മി ഭരണത്തിനെതിരെ വിമർശനം കടുപ്പിച്ച് കോൺഗ്രസ് നേതാക്കൾ കളത്തിലിറങ്ങിയിട്ടുണ്ട്.

രണ്ട് പ്രാവശ്യമായി ഭരണം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന കേരളത്തിന് വേണ്ടിയും കോൺഗ്രസിന് കൃത്യമായ പദ്ധതികളുണ്ട്. 

publive-image

സംസ്ഥാനത്തെ നിയമസഭാ-തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേരളത്തിൽ കർണാടക മോഡൽ വാർ റൂം സജ്ജമാക്കാനാണ് ധാരണ. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്മാരെയും വാർ റൂമിൻെറ ഭാഗമായി സജ്ജമാക്കും. കോൺഗ്രസ് കളത്തിൽ ഇറങ്ങുക.

മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിൻെറ നൂറാം വാർഷിക സ്ഥലത്ത് തന്നെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത് പോലെ പുതിയ രാഷ്ട്രീയ വിഷയങ്ങളോടുളള പ്രതികരണമായി ചരിത്ര മൂഹൂർത്തങ്ങളെയും മഹദ് വ്യക്തികളെയും കൂട്ടിയോജിപ്പിച്ച് കൊണ്ടുളള പരിപാടികൾ നടത്തും.


അഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൻെറ പശ്ചാത്തലത്തിൽ ഭരണഘടനാ സംരക്ഷണ പദയാത്ര സംഘടിപ്പിക്കാനാണ് തീരുമാനം.റിപ്പബ്ലിക് ദിനം മുതൽ ഭരണഘടനാ സംരക്ഷണ പദയാത്ര ആരംഭിക്കും.


അംബേദ്കറും ഭരണഘടനയും ഒരുപോലെ ആക്രമിക്കപ്പെടുന്ന കാലത്ത് ഭാരത് ജോഡോ യാത്ര മാതൃകയിൽ ഭരണഘടന സംരക്ഷണ പദയാത്ര സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേതാക്കളായ ജയറാം രമേശും കെ.സി.വേണുഗോപാലും അറിയിച്ചു.

2025 ഏപ്രിൽ മാസത്തിൽ മഹാത്മാ ഗാന്ധിയുടെ ജന്മനാടായ ഗുജറാത്തിലെ പോർബന്തറിലും സമ്മേളനം നടത്തും. ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് സോണിയ ഗാന്ധി ബെലഗാവ് സമ്മേളനത്തിന് എത്തിയില്ല.

സോണിയയുടെ സന്ദേശം സമ്മേളനത്തിൽ വായിച്ചു.രാജ്യം ഭരിക്കുന്നവരിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ വലിയ ഭീഷണി നേരിടുകയാണന്നും ഇത്തരം ശക്തികളെ നേരിടാനുള്ള ഊർജം യോഗത്തിലൂടെ ലഭിക്കുമെന്നുമായിരുന്നു സോണിയ ഗാന്ധിയുടെ സന്ദേശം.

Advertisment