ഡല്‍ഹി: യുപിഎ കാലത്തെ സാമ്പത്തിക കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ധവളപത്രം ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രം മാത്രമെന്ന് പ്രതിപക്ഷം. ധവളപത്രത്തിന്റെ ഉള്ളടക്കത്തെയും ലക്ഷ്യത്തെയും വെള്ളിയാഴ്ച ലോക്‌സഭയിൽ ചോദ്യം ചെയ്ത പ്രതിപക്ഷം ഇത് ഒരു രാഷ്ട്രീയ പ്രകടനപത്രിക മാത്രമാണെന്ന് വിമർശിച്ചു.
ലോക്‌സഭയിൽ "ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ധവളപത്രവും ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തിൽ അതിന്റെ സ്വാധീനവും" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ, ധവളപത്രം രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമുള്ളതാണെന്നും യുപിഎ ഗവൺമെന്റിന്റെ 10 വർഷത്തെ കളങ്കപ്പെടുത്താനാണ് അതിലൂടെ ബിജെപി ശ്രമിക്കുന്നതെന്നും കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
“തിരഞ്ഞെടുപ്പ് ബ്രൗണി പോയിന്റ് നേടുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രകടനപത്രികയല്ലാതെ മറ്റൊന്നുമല്ല, ഇത്തരത്തിലുള്ള ധവളപത്രം കൊണ്ടുവരാൻ നിങ്ങളെ പ്രേരിപ്പിച്ചത്,” ചൗധരി പറഞ്ഞു. ഗാന്ധി കുടുംബത്തെയും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെയും കുറ്റപ്പെടുത്തിയ ബി.ജെ.പിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
“എല്ലാ കാര്യങ്ങളിലും ഒരു കുടുംബത്തെയും നെഹ്‌റുവിനെയും അധിക്ഷേപിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നത്?... മറ്റൊരു പാർട്ടി അധികാരത്തിൽ വരികയും ആ പാർട്ടി അടൽ ബിഹാരി വാജ്‌പേയിയെയും മോദി ജിയെയും അധിക്ഷേപിക്കുകയും ചെയ്താൽ നിങ്ങൾക്ക് എന്ത് തോന്നും?
നിങ്ങൾക്ക് അത് ഇഷ്ടപ്പെടുമോ? അത് സംഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” മുൻ പ്രധാനമന്ത്രി വാജ്‌പേയിക്കെതിരെ കോൺഗ്രസ് ഒരിക്കലും സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് എംപി മനീഷ് തിവാരി ധവളപത്രത്തെ "രാഷ്ട്രീയ മാനിഫെസ്റ്റോ" എന്നും സർക്കാരിന്റെ "കറുത്ത ബ്രഷ്" എന്നും വിശേഷിപ്പിച്ചു. യുപിഎ നടപ്പാക്കിയ വിവരാവകാശം, വിദ്യാഭ്യാസ അവകാശം, ഭക്ഷണത്തിനുള്ള അവകാശം, എംജിഎൻആർഇജിഎ തുടങ്ങിയ നിയമങ്ങൾ രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.