ഡല്‍ഹി: പുതുക്കിയ സെന്‍സസ് എപ്പോള്‍ നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ഉടന്‍ പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഭരണഘടന അനുശാസിക്കുന്ന സാമൂഹിക നീതിക്ക് യഥാര്‍ത്ഥ അര്‍ത്ഥം നല്‍കുന്നതിന് ഒബിസി വിഭാഗത്തില്‍പ്പെട്ട സമുദായങ്ങളുടെ ജനസംഖ്യയുടെ ഡാറ്റ നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഓരോ 10 വര്‍ഷം കൂടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ സാമൂഹിക സാമ്പത്തിക വികസനത്തിന് ആവശ്യമായ സമഗ്രമായ സെന്‍സസ് നടത്തുന്നുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു. അവസാന സെന്‍സസ് 2021ല്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ മോദിക്ക് അത് സാധിച്ചില്ല.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയായി പുനര്‍നിര്‍മ്മിച്ച ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 പ്രകാരമുള്ള ആനുകൂല്യങ്ങള്‍ കുറഞ്ഞത് 14 കോടി ഇന്ത്യക്കാര്‍ക്കെങ്കിലും നഷ്ടപ്പെടുന്നു എന്നതാണ് 2021-ലെ സെന്‍സസ് നടത്താത്തതിന്റെ അനന്തരഫലമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്ക് കീഴില്‍ 81.35 കോടി എന്‍എഫ്എസ്എ ഗുണഭോക്താക്കള്‍ക്ക് 2024 ജനുവരി 1 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുമെന്ന് 2023 ലെ പത്രക്കുറിപ്പില്‍ സര്‍ക്കാര്‍ പറയുന്നുണ്ട്. പിഎംജികെഎവൈയുടെ കീഴില്‍ കിലോയ്ക്ക് 27.50 രൂപയ്ക്ക് ലഭ്യമാകുന്ന 'ഭാരത്' ആട്ടയുടെ വില്‍പ്പനയും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു.
പുതുക്കിയ സെന്‍സസ് എപ്പോള്‍ നടത്തുമെന്ന് പ്രധാനമന്ത്രി രാജ്യത്തോട് ഉടന്‍ പറയണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.