/sathyam/media/media_files/2025/08/18/untitledvotcooking-oil-2025-08-18-09-49-49.jpg)
ഡല്‍ഹി: വീട്ടിലോ റസ്റ്റോറന്റുകളിലോ പാചകത്തിന് ഉപയോഗിച്ചതിന് ശേഷം പാചക എണ്ണ പലപ്പോഴും ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ ഇനി അതിനു മാറ്റം വരാന്‍ പോകുന്നു.
ഇന്ത്യന്‍ ഓയിലിന്റെ ഒരു ശുദ്ധീകരണശാല ഇപ്പോള്‍ ഉപയോഗിച്ച പാചക എണ്ണ ഉപയോഗിച്ച് സുസ്ഥിര വ്യോമയാന ഇന്ധനം ഉത്പാദിപ്പിക്കുന്നതിനുള്ള സര്‍ട്ടിഫിക്കേഷന്‍ നേടിയിരിക്കുകയാണ്.
ഇന്ത്യയുടെ ആദ്യത്തെ സുസ്ഥിര വിമാന ഇന്ധനം (Sustainable Aviation Fuel - SAF) നിര്‍മ്മാണ സ്ഥാപനം ഈ വര്‍ഷാവസാനത്തോടെ ഉത്പാദനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പാനിപ്പറ്റ് റിഫൈനറിയിലാണ് ഈ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പാചകത്തിനുപയോഗിച്ച പഴയ എണ്ണ ശേഖരിച്ച് ശുദ്ധീകരിച്ച് അതിനുശേഷം അതിനെ സുസ്ഥിര വിമാന ഇന്ധനം ആയാണ് മാറ്റുന്നത്. ഇത് വിമാനങ്ങളില്‍ നേരിട്ട് ഉപയോഗിക്കാവുന്നതാണ്.
പെട്രോളിയം ഇതര ഫീഡ്സ്റ്റോക്കുകളില്‍ നിന്ന് നിര്‍മ്മിക്കുന്ന ഒരു ബദല്‍ ഇന്ധനമാണ് എസ്എഎഫ്. ഇത് വായു ഗതാഗതത്തില്‍ നിന്നുള്ള ഉദ്വമനം കുറയ്ക്കുന്നു.
ലഭ്യതയെ ആശ്രയിച്ച് പരമ്പരാഗത വ്യോമയാന ടര്‍ബൈന്‍ ഇന്ധനത്തില്‍ (ജെറ്റ് ഇന്ധനം) 50 ശതമാനം വരെ ഇത് കലര്‍ത്താം. 2027 മുതല്‍ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്ക് വില്‍ക്കുന്ന ജെറ്റ് ഇന്ധനത്തില്‍ 1 ശതമാനം എസ്എഫ് മിശ്രിതം ഇന്ത്യ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഉപയോഗിച്ച പാചക എണ്ണയില്‍ നിന്ന് എസ്എഎഫ് ഉത്പാദിപ്പിക്കുന്നതിനായി ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ ഇന്റര്‍നാഷണല്‍ സസ്‌റ്റൈനബിലിറ്റി ആന്‍ഡ് കാര്‍ബണ്‍ സര്‍ട്ടിഫിക്കേഷന്‍ ഇന്ത്യന്‍ ഓയിലിന്റെ ഹരിയാനയിലെ പാനിപ്പത്ത് റിഫൈനറി നേടിയിട്ടുണ്ട് .
ഈ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന രാജ്യത്തെ ഒരേയൊരു കമ്പനി ഞങ്ങളാണെന്ന് കമ്പനി ചെയര്‍മാന്‍ അരവിന്ദര്‍ സിംഗ് സാഹ്നി പറഞ്ഞു.
'ഈ കലണ്ടര്‍ വര്‍ഷാവസാനം മുതല്‍ റിഫൈനറി പ്രതിവര്‍ഷം ഏകദേശം 35,000 ടണ്‍ എസ്എഎഫ് ഉത്പാദിപ്പിക്കാന്‍ തുടങ്ങും.' 2027 ല്‍ രാജ്യത്തിന് നിര്‍ബന്ധിതമായ 1 ശതമാനം ബ്ലെന്‍ഡിംഗ് ആവശ്യകത നിറവേറ്റാന്‍ ഈ ഉത്പാദനം മതിയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.