ഹരിയാനയിൽ മദ്യപിച്ച പോലീസ് കോൺസ്റ്റബിളിന്റെ ക്രൂരത: ഇ-റിക്ഷയിൽ ഇടിച്ച് റോഡിൽ വീണ യുവതിയെ ബൈക്ക് കയറ്റി കൊലപ്പെടുത്തി

അപകടത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച കോണ്‍സ്റ്റബിളിനെ നാട്ടുകാര്‍ പിടികൂടി. ഇയാള്‍ മദ്യപിച്ച നിലയിലായിരുന്നുവെന്ന് നാട്ടുകാരും ഇ-റിക്ഷാ ഡ്രൈവറും ആരോപിച്ചു

New Update
Untitled

അംബാല: ഹരിയാനയിലെ അംബാലയില്‍ മദ്യപിച്ച് അമിതവേഗതയില്‍ ബൈക്കോടിച്ച പോലീസ് കോണ്‍സ്റ്റബിള്‍ ഇ-റിക്ഷയിലിടിച്ചതിനെത്തുടര്‍ന്ന് റോഡില്‍ വീണ യുവതിയെ ബൈക്ക് കയറ്റി കൊലപ്പെടുത്തി. നികിത എന്ന യുവതിയാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. ചൊവ്വാഴ്ച രാത്രി അംബാലയിലെ കാളി പള്‍ട്ടന്‍ പാലത്തിന് സമീപമാണ് നടുക്കുന്ന സംഭവം നടന്നത്.

Advertisment

ഗുഡ്ഗാവിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന നികിത ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു. അംബാല കന്റോണ്‍മെന്റില്‍ നിന്ന് ഇ-റിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ പിന്നില്‍ നിന്ന് അമിതവേഗതയിലെത്തിയ പോലീസ് കോണ്‍സ്റ്റബിളിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു.


ഇടിയില്‍ നികിത ഇ-റിക്ഷയില്‍ നിന്ന് റോഡിലേക്ക് വീണു. ബൈക്ക് നിര്‍ത്തുന്നതിന് പകരം കോണ്‍സ്റ്റബിള്‍ യുവതിയുടെ ശരീരത്തിലൂടെ ബൈക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ യുവതി മരിച്ചു.

അപകടത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച കോണ്‍സ്റ്റബിളിനെ നാട്ടുകാര്‍ പിടികൂടി. ഇയാള്‍ മദ്യപിച്ച നിലയിലായിരുന്നുവെന്ന് നാട്ടുകാരും ഇ-റിക്ഷാ ഡ്രൈവറും ആരോപിച്ചു. തുടര്‍ന്ന് ഇയാളെ പോലീസിന് കൈമാറി.


നീതി തേടി നികിതയുടെ കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. 'ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അശ്രദ്ധ കാരണം ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളെ നഷ്ടമായി. പ്രതിക്കെതിരെ കര്‍ശന നടപടി വേണം,' എന്ന് നികിതയുടെ അമ്മാവന്‍ പറഞ്ഞു.


പ്രതിയായ കോണ്‍സ്റ്റബിളിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisment