കോർഡേലിയ ക്രൂയിസ് മയക്കുമരുന്ന് കേസ്: സമീർ വാങ്കഡെയ്‌ക്കെതിരെ അച്ചടക്ക നടപടിക്ക് ഡൽഹി ഹൈക്കോടതിയുടെ പച്ചക്കൊടി

വാങ്കഡെയ്ക്കെതിരെയുള്ള അച്ചടക്ക നടപടികള്‍ റദ്ദാക്കിയ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി അനുവദിച്ചു.

New Update
Untitled

ഡല്‍ഹി: 2021-ലെ കോര്‍ഡേലിയ ക്രൂയിസ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്കെതിരെയുള്ള അച്ചടക്ക നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഡല്‍ഹി ഹൈക്കോടതി.

Advertisment

വാങ്കഡെയ്ക്കെതിരെയുള്ള അച്ചടക്ക നടപടികള്‍ റദ്ദാക്കിയ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി അനുവദിച്ചു.

ജസ്റ്റിസ് അനില്‍ ക്ഷേത്രപാല്‍, ജസ്റ്റിസ് അമിത് മഹാജന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച വിധി പുറപ്പെടുവിച്ചത്. 2025 ഓഗസ്റ്റില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ്  വാങ്കഡെയ്ക്കെതിരെ പുറപ്പെടുവിച്ച കുറ്റപത്രം ജനുവരിയില്‍ ക്യാറ്റ് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.


നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടറായിരുന്ന സമയത്ത്, കോര്‍ഡേലിയ ക്രൂയിസ് കപ്പലിലെ മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ കുടുക്കാതിരിക്കാന്‍ 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നതാണ് വാങ്കഡെയ്ക്കെതിരെയുള്ള പ്രധാന ആരോപണം.


കൂടാതെ, എന്‍.സി.ബിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം കേസിനെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ നിയമവിഭാഗത്തില്‍ നിന്ന് ചോര്‍ത്താന്‍ ശ്രമിച്ചതായും അന്വേഷണത്തെ സ്വാധീനിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായും സി.ബി.ഐ.സി ആരോപിക്കുന്നു. ഈ വിഷയങ്ങളിലാണ് ഇപ്പോള്‍ അച്ചടക്ക നടപടികള്‍ തുടരാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്.

വിശദമായ വിധിപ്പകര്‍പ്പ് ഉടന്‍ ലഭ്യമാകുമെന്ന് കോടതി അറിയിച്ചു. 2008 ബാച്ച് ഐ.ആര്‍.എസ് ഉദ്യോഗസ്ഥനാണ് സമീര്‍ വാങ്കഡെ.

Advertisment