കഫ് സിറപ്പ് ദുരന്തം; ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കലിന് പൂട്ടിട്ട് തമിഴ്‌നാട് സര്‍ക്കാര്‍, ലൈസന്‍സ് റദ്ദാക്കി

New Update
cough-syrup

ചെന്നൈ: കഫ് സിറപ്പ് കുടിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ കോള്‍ഡ്രിഫ് നിര്‍മാണ കമ്പനി അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് തമിഴ്‌നാട് സര്‍ക്കാര്‍. ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ നിര്‍മ്മാണ ലൈസന്‍സ് സംസ്ഥാന സർക്കാർ റദ്ദാക്കി. ഗുണ നിലവാര മാനദണ്ഡങ്ങള്‍ കമ്പനി പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാരിന്റെ നടപടി.

Advertisment

അശാസ്ത്രീയമായ രീതികളാണ് മരുന്ന് നിർമിക്കുന്നതിന് കമ്പനി സ്വീകരിക്കുന്നത്. കമ്പനിയിൽ മികച്ച ലബോറട്ടറി സംവിധാനങ്ങൾ ഇല്ല എന്നിങ്ങനെ ഗുരുതരമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ലൈസൻസ് റദ്ധാക്കിയത്. ഗുരുതരമായ മൂന്നൂറുലധികം നിയമ ലംഘനങ്ങള്‍ കമ്പനിക്കെതിരെ കണ്ടെത്തിയതായും സർക്കാർ വ്യക്തമാക്കി.

കഫ് സിറപ്പില്‍ 48.6 ശതമാനം ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യം ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഡൈഎത്തിലീന്‍ ഗ്ലൈക്കോളിന്റെ അളവാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. 

കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ ഉടമ രംഗനാഥനെ കഴിഞ്ഞ ദിവസം മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് സർക്കാർ നിര്‍മ്മാണ ലൈസന്‍സ് പൂര്‍ണ്ണമായും റദ്ദാക്കുകയും കമ്പനി അടച്ച് പൂട്ടിയതും.

Advertisment