/sathyam/media/media_files/2025/10/03/medicines-2025-10-03-19-24-42.jpg)
ന്യൂഡൽഹി: മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി 11 കുട്ടികൾ മരിച്ചതിനെ തുടർന്ന് ചെറിയ കുട്ടികളിൽ ചുമ സിറപ്പുകൾ ഉപയോഗിക്കുന്നതിനെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) മുന്നറിയിപ്പ് നൽകി.
മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ രണ്ടാഴ്ചക്കിടെ ഒമ്പത് കുട്ടികൾ വൃക്ക തകരാറുമൂലം മരിച്ചത് രാജ്യത്ത് ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു.
വൃക്ക തകരാറിലായ കേസുകൾ മലിനമായ ചുമ സിറപ്പുകൾ കഴിച്ചതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മധ്യപ്രദേശിലെയും സമാനമായ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട അയൽ സംസ്ഥാനമായ രാജസ്ഥാനിലെയും ആരോഗ്യ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
മരിച്ച ഒമ്പത് കുട്ടികളിൽ അഞ്ച് പേരും കോൾഡ്‌റെഫ് കഫ് സിറപ്പ് കഴിച്ചിരുന്നു. ഒരാൾ നെക്സ്ട്രോ സിറപ്പ് കഴിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ഡോക്ടർമാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, മരണങ്ങൾക്ക് കാരണമായതായി ആരോപിക്കപ്പെടുന്ന ചുമ സിറപ്പുകളുടെ സാമ്പിളുകളിൽ മലിനീകരണം കണ്ടെത്തിയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വൃക്കയ്ക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തുന്ന രാസവസ്തുക്കളായ ഡൈഈഥൈലീൻ ഗ്ലൈക്കോൾ (ഡിഇജി) അല്ലെങ്കിൽ എഥിലീൻ ഗ്ലൈക്കോൾ (ഇജി) എന്നിവ സിറപ്പുകളിൽ അടങ്ങിയിട്ടില്ലെന്ന് പരിശോധനാ ഫലങ്ങൾ സ്ഥിരീകരിച്ചതായി മന്ത്രാലയം പറഞ്ഞു.