ഏകമകന്റെ മരണം താങ്ങാനായില്ല; ചത്തീസ്ഗഡിൽ ദമ്പതികൾ ജീവനൊടുക്കി, വിഡിയോ സന്ദേശവും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു

പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

New Update
Untitled

ജാഞ്ച്ഗിര്‍-ചമ്പ: റോഡപകടത്തില്‍ മരിച്ച ഏകമകന്റെ വേര്‍പാടില്‍ മനംനൊന്ത് ചത്തീസ്ഗഡിലെ ജാഞ്ച്ഗിര്‍-ചമ്പ ജില്ലയില്‍ ദമ്പതികള്‍ ജീവനൊടുക്കി. കൃഷ്ണ പട്ടേല്‍, ഭാര്യ രാമാഭായ് പട്ടേല്‍ (47) എന്നിവരാണ് വീടിന്റെ മുറ്റത്തുള്ള മരത്തില്‍ സാരി ഉപയോഗിച്ച് തൂങ്ങിമരിച്ചത്. ഫെബ്രുവരി 16-നായിരുന്നു സംഭവം.

Advertisment

ദമ്പതികളുടെ വീട്ടില്‍ നിന്ന് അനക്കമൊന്നും കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനാലയിലൂടെ നോക്കിയ അയല്‍ക്കാര്‍ ദമ്പതികള്‍ മുറ്റത്തെ മരത്തില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.


നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും ഒരു വിഡിയോ സന്ദേശവും പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇന്‍ഷുറന്‍സ് തുക കൃഷ്ണ പട്ടേലിന്റെ മൂത്ത സഹോദരന് നല്‍കണമെന്ന് വിഡിയോയില്‍ ഇരുവരും അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന വാഹനാപകടത്തില്‍ ഇവരുടെ ഏകമകന്‍ മരിച്ചിരുന്നു. മകന്റെ അകാലത്തിലുള്ള വേര്‍പാട് സൃഷ്ടിച്ച മാനസിക വിഷമമാണ് ദമ്പതികളെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.


പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കടുത്ത മാനസിക വിഷമത്തിലൂടെ കടന്നുപോയ ദമ്പതികള്‍ക്ക് കൃത്യമായ പിന്തുണ നല്‍കാന്‍ സാധിച്ചിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന സങ്കടത്തിലാണ് ഗ്രാമവാസികള്‍.

Advertisment