ഡല്‍ഹി: ഹണിമൂണിനായി സിക്കിമിലേക്ക് പോയ നവദമ്പതികളെ കാണാതായി. മെയ് 5 ന് വിവാഹിതരായ ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് ജില്ലയില്‍ നിന്നുള്ള കൗശലേന്ദ്ര പ്രതാപ് സിംഗും അങ്കിത സിംഗും മെയ് 24 നാണ് സിക്കിമിലേക്ക് പുറപ്പെട്ടത്.
മെയ് 29 ന് വൈകുന്നേരം, മണ്ണിടിച്ചിലില്‍ തകര്‍ന്ന മംഗന്‍ ജില്ലയിലെ ടീസ്റ്റ നദിയിലേക്ക് ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ 1,000 അടി താഴ്ചയിലേക്ക് വീണു.
അവരൊടൊപ്പം സഞ്ചരിച്ചിരുന്ന ഒമ്പത് പേരില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എട്ട് യാത്രക്കാരെ ഇപ്പോഴും കാണാനില്ല. വടക്കന്‍ സിക്കിമിലെ സിംഗിക് നിവാസിയായ ഡ്രൈവര്‍ പസാങ് ദേനു ഷെര്‍പ്പ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഒഡീഷ സ്വദേശികളായ സുപ്രതിം നായക്, സായ്രാജ് ജെന എന്നിവരെ അപകട രാത്രിയില്‍ തന്നെ രക്ഷപ്പെടുത്തി. കൗശലേന്ദ്ര പ്രതാപ് സിങ്ങിന്റെ പിതാവ് ഷേര്‍ ബഹാദൂര്‍ സിംഗ് മകനെയും മരുമകളെയും അന്വേഷിച്ച് സിക്കിമിലാണ്.
'സിക്കിമില്‍ ഒരു നദിയില്‍ വീണതിനെ തുടര്‍ന്ന് എന്റെ മകനെയും മരുമകളെയും കാണാതായി. തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സിക്കിം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിക്കുന്നു,' കൈകള്‍ കൂപ്പി വീഡിയോ സന്ദേശത്തിലൂടെ സിംഗ് അഭ്യര്‍ത്ഥിച്ചു. അവരെ കണ്ടെത്തുന്നതുവരെ വീട്ടിലേക്ക് മടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.
'ഇത് ഞങ്ങള്‍ ഇവിടെ എത്തിയ എട്ടാം ദിവസമാണ്. ഞങ്ങള്‍ പലതവണ സ്ഥലം സന്ദര്‍ശിച്ചു. സ്ഥലത്ത് നിന്ന് എന്തൊക്കെ സാധനങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും, ഒന്നും എന്റെ മകന്റെയും ഭാര്യയുടെയും സ്വന്തമല്ല.
അവരെ കണ്ടെത്തുന്നതുവരെ ഞാന്‍ വീട്ടിലേക്ക് മടങ്ങില്ല. എന്റെ മകന്റെയും മരുമകളുടെയും ജീവനുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.'അദ്ദേഹം പറഞ്ഞു.