പലാഷ് മുച്ചാലിനും കുടുംബത്തിനുമെതിരെ അപകീർത്തികരമായ പരാമർശം; വിജ്ഞാൻ മാനെയ്‌ക്ക് ബോംബെ ഹൈക്കോടതിയുടെ വിലക്ക്

വ്യക്തിപരമായ തര്‍ക്കങ്ങളിലേക്ക് കുടുംബാംഗങ്ങളെയും സ്വകാര്യ കാര്യങ്ങളെയും വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് മിലിന്ദ് ജാദവ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

New Update
Untitled

മുംബൈ: ഗായകനും സംഗീത സംവിധായകനുമായ പലാഷ് മുച്ചാലിനും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും അഭിമുഖങ്ങളിലൂടെയും അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് ചലച്ചിത്ര നിര്‍മ്മാതാവ് വിജ്ഞാന്‍ മാനെയെ ബോംബെ ഹൈക്കോടതി വിലക്കി.

Advertisment

വ്യക്തിപരമായ തര്‍ക്കങ്ങളിലേക്ക് കുടുംബാംഗങ്ങളെയും സ്വകാര്യ കാര്യങ്ങളെയും വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് മിലിന്ദ് ജാദവ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.


ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും പലാഷ് മുച്ചാലും തമ്മിലുള്ള വിവാഹനിശ്ചയം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിജ്ഞാന്‍ മാനെ നടത്തിയ പരാമര്‍ശങ്ങളാണ് നിയമപോരാട്ടത്തിന് വഴിവെച്ചത്.


സ്മൃതിയുടെ കുട്ടിക്കാല സുഹൃത്തായ മാനെ, പലാഷിനെതിരെ പരസ്യമായി രംഗത്തെത്തുകയായിരുന്നു. എന്നാല്‍, ഇരുവരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തിലേക്ക് പലാഷിന്റെ വ്യക്തിജീവിതം കൊണ്ടുവരുന്നത് പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് കോടതി കണ്ടെത്തി.

പലാഷും മാനെയും ചേര്‍ന്ന് ഒരു സിനിമ നിര്‍മ്മിക്കാന്‍ ധാരണയായിരുന്നു. ഇതിനായി പലാഷ് വലിയ തുക മുടക്കിയെങ്കിലും മാനെ വാഗ്ദാനം ചെയ്ത പണം നല്‍കിയില്ലെന്ന് പലാഷ് ആരോപിക്കുന്നു.

പലാഷ് തന്നില്‍ നിന്ന് 40 ലക്ഷം രൂപ വാങ്ങിയെന്നും സിനിമ പൂര്‍ത്തിയാക്കിയില്ലെന്നും ആരോപിച്ച് മാനെ സാംഗ്ലി പോലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ പ്രശസ്തി നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പലാഷ് മുച്ചാല്‍ നേരത്തെ തന്നെ 10 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്നാണ് സ്ഥിരമായ വിലക്ക് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.


രേഖകള്‍ പരിശോധിച്ച കോടതി, ഇരുവര്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത് സാമ്പത്തിക തര്‍ക്കമാണെന്ന് വ്യക്തമാക്കി. ഈ തര്‍ക്കത്തിന്റെ പേരില്‍ പലാഷിനെയും അമ്മയെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള സൂചനകളോ പ്രസ്താവനകളോ മാധ്യമങ്ങളിലൂടെ നല്‍കരുതെന്ന് കോടതി മാനെയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.


തനിക്കും കുടുംബത്തിനുമെതിരെ മനഃപൂര്‍വ്വം തെറ്റായതും അസഭ്യവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ ഇന്‍സ്റ്റാഗ്രാമിലൂടെ പലാഷ് മുച്ചാല്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.

Advertisment