/sathyam/media/media_files/2026/02/27/untitled-2026-02-27-14-21-56.jpg)
ഡല്‍ഹി: പാസ്പോര്‍ട്ട് കൈവശം വെക്കുന്നതും വിദേശയാത്ര നടത്തുന്നതും ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഡല്‍ഹി ഹൈക്കോടതി.
പൗരന്മാരുടെ ഈ അവകാശത്തിന്മേല്‍ അധികാരികള്‍ ഇടപെടുകയാണെങ്കില്‍ അത് ന്യായമായ കാരണങ്ങളാലായിരിക്കണമെന്നും സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ പാലിക്കണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
രഹേജ ഡെവലപ്പേഴ്സ് മുന്‍ ഡയറക്ടര്‍ യോഗേഷ് രഹേജയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് പുരുഷൈന്ദ്ര കുമാര്‍ കൗരവ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പാസ്പോര്‍ട്ട് പുതുക്കാന്‍ അപേക്ഷിക്കുമ്പോള്‍ തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു അധികൃതര്‍ പാസ്പോര്‍ട്ട് കണ്ടുകെട്ടിയത്. 2025 ജനുവരി 17-നായിരുന്നു ഈ നടപടി.
ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതുകൊണ്ട് മാത്രം പാസ്പോര്‍ട്ട് തടയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കോടതി കുറ്റപത്രം പരിഗണിക്കുകയും നിയമനടപടി തുടങ്ങുകയും ചെയ്താല്‍ മാത്രമേ ക്രിമിനല്‍ നടപടി നിലവിലുണ്ടെന്ന് കണക്കാക്കാന്‍ കഴിയൂ.
യോഗേഷ് രഹേജ 2024 ഒക്ടോബറില്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ അപേക്ഷിച്ചു. എന്നാല്‍ കോടതി കേസ് പരിഗണനയ്ക്കെടുത്തത് 2025 ഫെബ്രുവരിയിലാണ്. അതായത് പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ ഉത്തരവിട്ടതിനും ഒരു മാസത്തിന് ശേഷമാണ് കേസില്‍ നിയമനടപടികള്‍ തുടങ്ങിയത്.
അതിനാല്‍, പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ നല്‍കിയ ഉത്തരവും അതിനെതിരെയുള്ള അപ്പീല്‍ തള്ളിയ നടപടിയും ഹൈക്കോടതി റദ്ദാക്കി. പാസ്പോര്‍ട്ട് നടപടികള്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലാകരുത് എന്ന് കോടതി ഭരണകൂടത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us