മുംബൈ: മകളുടെ ഗര്‍ഭസ്ഥ ശിശുവിന്റെ ജനനം വൈദ്യശാസ്ത്രപരമായി തടയണമെന്ന ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ്, മകളുടെ പങ്കാളി അവളെ വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്ന് തീരുമാനിക്കണമെന്ന് പിതാവിനോട് നിര്‍ദ്ദേശിച്ച് ബോംബെ ഹൈക്കോടതി.
20 ആഴ്ചയില്‍ കൂടുതല്‍ ഗര്‍ഭിണിയായ തന്റെ 27 വയസ്സുള്ള മകളുടെ ഗര്‍ഭം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 66 വയസ്സുള്ള പിതാവാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഗര്‍ഭഛിദ്രത്തിന് മകള്‍ സമ്മതം നല്‍കിയിരുന്നില്ല
ജസ്റ്റിസുമാരായ ആര്‍.വി. ഗുഗെ, ആര്‍.എസ്. പാട്ടീല്‍ എന്നിവരടങ്ങിയ ബെഞ്ച് സ്ത്രീയെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കാന്‍ ഉത്തരവിട്ടിരുന്നു. ബുധനാഴ്ച അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അമ്മയും ഗര്‍ഭസ്ഥ ശിശുവും ആരോഗ്യവാന്മാരാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സ്ത്രീക്ക് ബുദ്ധിമാന്ദ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ബുദ്ധിമാന്ദ്യമെന്നാല്‍ മാനസിക വൈകല്യമാണോ എന്ന് ബെഞ്ച് ചോദിച്ചു. ഒരു വ്യക്തിയെ മാനസിക രോഗിയായി പ്രഖ്യാപിക്കുന്നതിനും പിന്നീട് ഒരു രക്ഷാധികാരിയെ നിയമിക്കുന്നതിനും ഒരു നടപടിക്രമമുണ്ട്
ഇവിടെ അത്തരമൊരു നടപടിക്രമം സ്വീകരിച്ചിട്ടില്ല. അവരെ മാനസിക രോഗിയായി പ്രഖ്യാപിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
'ശരാശരിയിലും താഴെയുള്ള ബുദ്ധിശക്തിയുള്ളതിനാല്‍ അവള്‍ക്ക് അമ്മയാകാന്‍ അവകാശമില്ലേയെന്നും ജഡ്ജിമാര്‍ ചോദിച്ചു.
ഹര്‍ജി ഫയല്‍ ചെയ്ത ശേഷം സ്ത്രീ തന്റെ പങ്കാളിയുടെ പേര് വെളിപ്പെടുത്തുകയും അയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് കോടതി നടപടിക്കിടെ പിതാവിനെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ എസ് കെ ദുബെ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് വിവാഹം നടക്കുമോ എന്ന് പരിശോധിക്കാന്‍ കോടതി മാതാപിതാക്കളോട് നിര്‍ദ്ദേശിക്കുകയായിരുന്നു.