ലഖ്നൗ: പശുവിന്റെ മൂത്രം, പാല്‍, തൈര്‍, നെയ്യ് എന്നിവ ഉപയോഗിച്ച് ആയുര്‍വേദ മരുന്നുകളും ഉത്പന്നങ്ങളും നിര്‍മിക്കാന്‍ യു.പി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.
പഞ്ചഗവ്യത്തിന്റെ അടിസ്ഥാനത്തിലുള്ള ടൂത്ത്പേസ്റ്റ്, ഓയിന്‍മെന്റ്, തൈലങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കാനും, ഇവയെ ആയുര്‍വേദ ചികിത്സയില്‍ വ്യാപകമായി ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ പദ്ധതിയിടുന്നു.
പ്രമേഹം, ഹൃദ്രോഗം, ആസ്തമ, വിളര്‍ച്ച തുടങ്ങിയ 19 രോഗങ്ങള്‍ ചികിത്സിക്കുന്നതിനായി, പഞ്ചഗവ്യ ഉത്പന്നങ്ങള്‍ ആധുനിക ഗവേഷണങ്ങളുമായി സംയോജിപ്പിച്ച് ഉപയോഗിക്കും.
ഇതോടൊപ്പം, പുതിയ ഗോശാലകള്‍ സ്ഥാപിച്ച് ഗ്രാമീണ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ കുറയ്ക്കാനും ഗോശാലകളെ സാമ്പത്തികമായി ലാഭകരമാക്കാനും ഈ സംരംഭം സഹായിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഗോമൂത്രം അടക്കമുള്ള പശു ഉത്പന്നങ്ങള്‍ ഫോര്‍മുലേഷനുകളില്‍ പ്രധാന ഘടകമാക്കി, ലാബ് അധിഷ്ഠിത മൂല്യനിര്‍ണയത്തിലൂടെ ഇവയെ മുഖ്യധാരാ വൈദ്യശാസ്ത്രത്തിലേക്ക് കൊണ്ടുവരാനാണ് ആയുഷ് വകുപ്പിന്റെ പിന്തുണയോടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.