/sathyam/media/media_files/2025/09/12/cp-radhakrishnan-2025-09-12-10-54-25.jpg)
ഡല്‍ഹി: സി.പി. രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണന്‍ സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാധാകൃഷ്ണന് ഉപരാഷ്ട്രപതിയായി സത്യവാചകം ചൊല്ലിക്കൊടുത്തു.
ചൊവ്വാഴ്ച നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സി പി രാധാകൃഷ്ണന്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ബി സുദര്‍ശന്‍ റെഡ്ഡിയെ പരാജയപ്പെടുത്തി വിജയിച്ചു. ജൂലൈ 21 ന് മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ പെട്ടെന്നുള്ള രാജിക്ക് ശേഷമാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്.
ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പിന് ശേഷം ഫലങ്ങള്‍ പ്രഖ്യാപിച്ച രാജ്യസഭാ സെക്രട്ടറി ജനറലും റിട്ടേണിംഗ് ഓഫീസറുമായ പിസി മോദി, 781 എംപിമാരില്‍ 767 പേര്‍ വോട്ട് രേഖപ്പെടുത്തി, 98.2 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി പറഞ്ഞു.
എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി സിപി രാധാകൃഷ്ണന് 452 വോട്ടുകള്‍ ലഭിച്ചു. അതേസമയം, പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ബി സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുകള്‍ ലഭിച്ചു. സെപ്റ്റംബര്‍ 9 ന് തന്നെ വോട്ടെടുപ്പിന് ശേഷം ഫലം പ്രഖ്യാപിച്ചു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം പ്രധാനമന്ത്രി മോദി സി പി രാധാകൃഷ്ണനെ അഭിനന്ദിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഉപരാഷ്ട്രപതി ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പാര്‍ലമെന്ററി സംവാദത്തിന് നല്ല സംഭാവന നല്‍കുമെന്നും പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.