/sathyam/media/media_files/2025/03/31/D3YWzo6shIRkNM1HxdD7.jpg)
മധുര: ബുധനാഴ്ച തുടങ്ങുന്ന സി.പി.എം പാർട്ടി കോൺഗ്രസിനായി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് മധുര നഗരം. സി.പി.എം ജനറൽ സെക്രട്ടറിയായിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരിയുടെ പേരിട്ട നഗറിലാണ് 24-ാം പാർട്ടി കോൺഗ്രസിന് കൊടിയുയരുന്നത്.
രണ്ടാം തവണയാണ് മധുര പാർട്ടി കോൺഗ്രസിന് വേദിയാവുന്നത്. 1972-ൽ ഒൻപതാം പാർട്ടി കോൺഗ്രസ് നടന്നതും മധുരയിലെ തമുക്കം മൈതാനത്തായിരുന്നു. ഒൻപതാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തിട്ടുള്ള എസ്.രാമചന്ദ്രൻപിള്ള, പിണറായിവിജയൻ, ബിമൻബോസ്, മണിക് സർക്കാർ എന്നിവർ ഇക്കുറിയും പ്രതിനിധികളാണ്.
/sathyam/media/media_files/1YnD8s1CpuzFJq3NXMV4.jpg)
നാളെ വൈകിട്ട് 6.30 ന് മൈതാനത്തെ പി.രാമൂർത്തി സ്മാരക ഹാളിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകനും സ്വാഗത സംഘം രക്ഷാധികാരിയുമായ എൻ.റാം ചരിത്ര പ്രദർശനം ഉദ്ഘാടനം ചെയ്യും. മുതിർന്ന നേതാവ് വി.പരമേശ്വരൻ പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്യും.
രക്തസാക്ഷികളുടെ സ്മൃതി മണ്ഡപങ്ങളിൽ നിന്നുള്ള ദീപശിഖകൾ സന്ധ്യയോടെ മൈതാനത്ത് സംഗമിക്കും. വെൺമണി രക്തസാക്ഷികളുടെ സ്മൃതികുടീരത്തിൽ നിന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം യു.വാസുകിയുടെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക ഏപ്രിൽ രണ്ടിന് രാവിലെ കൺട്രോൾ കമ്മീഷൻ ചെയർമാൻ എ.കെ പത്മനാഭൻ ഏറ്റുവാങ്ങും.
രാവിലെ എട്ടിന് മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. രാവിലെ 10.30 ന് കോടിയേരി ബാലകൃഷ്ണൻ സ്മാരകഹാളിൽ പോളിറ്റ് ബ്യൂറോ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. മണിക് സർക്കാർ അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. തുടർന്ന് പ്രതിനിധി സമ്മേളനം.
വൈകിട്ട് അഞ്ചിന് കെ.പി.ജാനകിയമ്മാൾ സ്മാരക വേദിയിൽ സാംസ്കാരിക സംഗമം നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് വിവിധ വിഷയങ്ങളെ അധീകരിച്ചുള്ള സെമിനാറുകളുണ്ടാവും.
/sathyam/media/media_files/2025/03/31/7XxpVoNpCnzNNQwSdesU.jpg)
ഏപ്രിൽ ആറിന് ഉച്ചകഴിഞ്ഞ് മൂന്നിന് റെഡ് വോളന്റിയർ പരേഡ് തുടങ്ങും. നാലിന് റിംഗ്റോഡ് ജംഗ്ഷന് അടുത്ത് എൻ.ശങ്കരയ്യ സ്മാരക ഗ്രൗണ്ടിൽ പൊതു സമ്മേളനം. കേരളം , തമിഴ്നാട്, കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ കലാകാരന്മാർ വിവിധ സാംസ്കാരിക പരിപാടികളിൽ കലാപ്രകടനം നടത്തും.
കേരളത്തിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം മധുരയിലേക്ക് പോവുന്നുണ്ട്. പാർട്ടി പ്രവർത്തകരുടെ വലിയ നിരയും മധുരയിലെത്തും.
തെക്കൻ കേരളത്തിൽ നിന്ന് മധുരയിലേക്കുള്ള ട്രെയിനുകളിൽ റിസർവേഷൻ തീർന്നുകഴിഞ്ഞു. എന്തായാലും ഇനിയുള്ള ആറു ദിവസം ചെങ്കൊടിയേറ്റത്തിനാവും മധുര സാക്ഷിയാവുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us