ഡല്‍ഹി: പാകിസ്ഥാന്‍ പൗരയുമായുള്ള വിവാഹം മറച്ചുവെച്ചതിന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് ജവാന്‍ മുനീര്‍ അഹമ്മദ് തനിക്കെതിരായ കുറ്റങ്ങള്‍ നിഷേധിച്ചു. വിവാഹം നടത്തുന്നതിന് മുമ്പ് സിആര്‍പിഎഫ് ആസ്ഥാനത്ത് നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
'മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയാണ് എന്നെ പിരിച്ചുവിട്ട വിവരം ഞാന്‍ ആദ്യം അറിഞ്ഞത്. പിരിച്ചുവിട്ട വിവരം അറിയിച്ചുകൊണ്ട് സിആര്‍പിഎഫില്‍ നിന്ന് എനിക്ക് ഒരു കത്ത് ലഭിച്ചു, അത് എന്നെയും എന്റെ കുടുംബത്തെയും ഞെട്ടിച്ചു.
കാരണം പാക് യുവതിയുമായുള്ള വിവാഹത്തിന് സിആര്‍പിഎഫ് ആസ്ഥാനത്ത് നിന്ന് താന്‍ അനുമതി തേടുകയും ലഭിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
വിസ കാലാവധി കഴിഞ്ഞിട്ടും അഹമ്മദ് മനഃപൂര്‍വ്വം യുവതിയെ ഇന്ത്യയില്‍ താമസിക്കാന്‍ സഹായിച്ചുവെന്നും ആരോപിക്കപ്പെട്ടു. പിരിച്ചുവിടലിനെതിരെ കോടതിയെ സമീപിക്കാനാണ് ജവാന്റെ തീരുമാനം.
2017 ഏപ്രിലില്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന ജമ്മു സ്വദേശിയായ അഹമ്മദ്, 2024 മെയ് മാസത്തിലാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള മിനല്‍ ഖാനെ വിവാഹം കഴിച്ചത്.
2024 മെയ് 24 ന് വീഡിയോ കോള്‍ നിക്കാഹ് ചടങ്ങിലൂടെയാണ് ഇരുവരും വിവാഹിതരായത്. സിആര്‍പിഎഫ് ആസ്ഥാനത്ത് നിന്ന് ഔദ്യോഗിക അനുമതി ലഭിച്ചതിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് വിവാഹം നടന്നതെന്ന് അഹമ്മദ് പറഞ്ഞു.