റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയുന്നു; വിപണി തിരിച്ചുപിടിച്ച് സൗദി അറേബ്യ; ഇന്ത്യയുടെ എണ്ണ ഇറക്കുമതി നയത്തിൽ മാറ്റം

ഫെബ്രുവരി 1 മുതല്‍ 18 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതി പ്രതിദിനം 4.85 ദശലക്ഷം ബാരലായി കുറഞ്ഞു

New Update
Untitled

ഡല്‍ഹി: ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ഉപരോധങ്ങളും ശക്തമായതോടെ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി തന്ത്രങ്ങളില്‍ കാര്യമായ മാറ്റം സംഭവിക്കുന്നു.

Advertisment

റഷ്യയില്‍ നിന്നുള്ള എണ്ണയുടെ വരവ് കുറയുന്നതിനനുസരിച്ച് സൗദി അറേബ്യയുള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ മുന്‍തൂക്കം തിരിച്ചുപിടിക്കുകയാണെന്ന് ഷിപ്പിംഗ് ഡാറ്റയും സാമ്പത്തിക വിദഗ്ധരും സൂചിപ്പിക്കുന്നു.


ഫെബ്രുവരി 1 മുതല്‍ 18 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതി പ്രതിദിനം 4.85 ദശലക്ഷം ബാരലായി കുറഞ്ഞു. ജനുവരിയിലിത് 5.25 ദശലക്ഷം ബാരലായിരുന്നു. റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങളും യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണങ്ങളുമാണ് റഷ്യന്‍ എണ്ണയുടെ വരവ് കുറയാന്‍ പ്രധാന കാരണം.


2025 ഡിസംബറില്‍ പ്രതിദിനം 1.28 ദശലക്ഷം ബാരലായിരുന്ന റഷ്യന്‍ എണ്ണ ഇറക്കുമതി ഫെബ്രുവരി ആദ്യവാരത്തോടെ 1.09 ദശലക്ഷമായി കുറഞ്ഞു. 2022-ല്‍ ഉക്രൈന്‍ യുദ്ധത്തിന് പിന്നാലെ റഷ്യയില്‍ നിന്ന് വന്‍തോതില്‍ എണ്ണ വാങ്ങിയിരുന്ന ഇന്ത്യ, ഇപ്പോള്‍ ഉപരോധങ്ങള്‍ ഭയന്ന് ഇറക്കുമതി നിയന്ത്രിക്കുകയാണ്.

റഷ്യന്‍ എണ്ണ കുറഞ്ഞതോടെ ആ വിടവ് നികത്തുന്നത് സൗദി അറേബ്യയാണ്. ഫെബ്രുവരിയില്‍ സൗദിയില്‍ നിന്നുള്ള ഇറക്കുമതി പ്രതിദിനം 10 ലക്ഷം മുതല്‍ 11 ലക്ഷം ബാരല്‍ വരെയായി ഉയര്‍ന്നു. 2019 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

നിലവിലെ ട്രെന്‍ഡ് അനുസരിച്ച് ഫെബ്രുവരിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി സൗദി അറേബ്യ മാറും. റഷ്യയും ഇറാഖുമാണ് തൊട്ടുപിന്നാലെയുള്ളത്. ഉക്രൈന്‍ യുദ്ധത്തിന് ശേഷം ഇറാഖിനെ പിന്തള്ളി റഷ്യ ഒന്നാമതെത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും മാറ്റങ്ങള്‍ സംഭവിക്കുകയാണ്.

റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ലഭിച്ചിരുന്ന എണ്ണ കുറയുന്നത് ഇന്ത്യയുടെ മൊത്തം ഇറക്കുമതി ചെലവ് ബാരലിന് 2 മുതല്‍ 3 ഡോളര്‍ വരെ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. വെനിസ്വേലയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും റഷ്യന്‍ എണ്ണയ്ക്ക് അത് പൂര്‍ണ്ണമായ പകരമാകില്ലെന്ന് കെപ്ലര്‍ അനലിസ്റ്റ് സുമിത് റിറ്റോലിയ പറഞ്ഞു.


ഗുജറാത്തിലെ വാഡിനാര്‍ റിഫൈനറി ഇപ്പോള്‍ പൂര്‍ണ്ണമായും റഷ്യന്‍ എണ്ണയെയാണ് ആശ്രയിക്കുന്നത്. റഷ്യന്‍ കമ്പനിയായ റോസ്നെഫ്റ്റിന് ഓഹരിയുള്ള ഈ റിഫൈനറിക്ക് മേല്‍ യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇതിന് കാരണം.


അമേരിക്കയുമായുള്ള വ്യാപാര കരാര്‍ അന്തിമമാകുന്നതുവരെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഒരു നിശ്ചിത പരിധിയില്‍ നിലനിര്‍ത്താനാണ് ഇന്ത്യയുടെ തീരുമാനം. അതേസമയം, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങി ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യ ശ്രമിക്കുന്നു.

Advertisment