12,000 കോടിയുടെ സൈബർ കൊള്ള: ക്രിപ്‌റ്റോ ചാനലുകളും 'മ്യൂൾ' അക്കൗണ്ടുകളും വഴി പണം വിദേശത്തേക്ക് കടത്തിയതായി ഇ.ഡി

ഒരേ ദിവസം തന്നെ ഒമ്പത് കോടി രൂപ ഇരുനൂറിലധികം അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്തത് അന്വേഷണസംഘം കണ്ടെത്തി.

New Update
Untitled

ഡല്‍ഹി: വ്യാജ നിക്ഷേപ ആപ്പുകളും ക്രിപ്റ്റോ കറന്‍സി ഇടപാടുകളും വഴി നടത്തുന്ന വന്‍കിട സൈബര്‍ സാമ്പത്തിക തട്ടിപ്പുകളുടെ ചുരുളഴിച്ചു എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.

Advertisment

ഇതുവരെ 12,229 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടിയതായി ഇ.ഡി ജോയിന്റ് ഡയറക്ടര്‍ റോബിന്‍ ഗുപ്ത അറിയിച്ചു. സി.ബി.ഐയും ഇഡിയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിലാണ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.


ഒരു കോര്‍പ്പറേറ്റ് കമ്പനിക്ക് സമാനമായ രീതിയില്‍ കൃത്യമായ വിഭാഗങ്ങളായി തിരിച്ചാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രവര്‍ത്തനരഹിതമായ ബിസിനസ് സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ പണം നല്‍കി തട്ടിപ്പിനായി ഉപയോഗിക്കുന്നു. ആയിരത്തിലധികം അക്കൗണ്ടുകള്‍ ഇത്തരത്തില്‍ ഇ.ഡി കണ്ടെത്തി.


ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് വ്യാജ സ്റ്റോക്ക് ഇന്‍വെസ്റ്റ്മെന്റ് ആപ്പുകള്‍ വഴിയാണ് ഇരകളെ ആകര്‍ഷിക്കുന്നത്. ഐ.പി.ഒ അലോട്ട്മെന്റ് എന്ന് വിശ്വസിപ്പിച്ച് പണം നിക്ഷേപിപ്പിച്ച ശേഷം അത് തട്ടിയെടുക്കുന്നു.

തട്ടിയെടുക്കുന്ന പണം നൂറുകണക്കിന് ബാങ്ക് അക്കൗണ്ടുകളിലൂടെ മാറ്റിമറിച്ച് ഒടുവില്‍ 'പി2പി' പ്ലാറ്റ്ഫോമുകള്‍ വഴി ക്രിപ്റ്റോ കറന്‍സിയാക്കി മാറ്റി വിദേശത്തേക്ക് കടത്തുന്നു. ബിനാന്‍സ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഇതിനായി ദുരുപയോഗം ചെയ്തു.


ഇന്ത്യന്‍ യുവാക്കളെ തായ്ലന്‍ഡ്-ലാവോസ്-മ്യാന്‍മര്‍ മേഖലയിലെ താവളങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി അവിടെ തടങ്കലിലാക്കി നിര്‍ബന്ധപൂര്‍വ്വം സൈബര്‍ തട്ടിപ്പുകള്‍ ചെയ്യിക്കുന്നുണ്ടെന്നും ഇ.ഡി കണ്ടെത്തി. വിദേശത്തുള്ള 2,385 കോടി രൂപയുടെ ക്രിപ്റ്റോ ആസ്തികളും 21 വസ്തുവകകളും ഈ കേസില്‍ കണ്ടുകെട്ടി. 2,057 കോടി രൂപയുടെ ക്രിപ്റ്റോ കറന്‍സി പിടിച്ചെടുത്തു.


ഒരേ ദിവസം തന്നെ ഒമ്പത് കോടി രൂപ ഇരുനൂറിലധികം അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്തത് അന്വേഷണസംഘം കണ്ടെത്തി.

ക്രിപ്റ്റോ ഇടപാടുകള്‍ വിശകലനം ചെയ്യാന്‍ ഐ.ഐ.ടി കാണ്‍പൂര്‍ വികസിപ്പിച്ച അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഇ.ഡി ഉപയോഗിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകളിലെ അസ്വാഭാവിക ഇടപാടുകള്‍ ശ്രദ്ധിക്കണമെന്ന് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത സമ്മേളനത്തില്‍, സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാന്‍ സി.ബി.ഐ, എന്‍.ഐ.എ, ഇ.ഡി തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisment