ഡല്‍ഹി: ഭൂകമ്പബാധിതമായ മ്യാന്‍മറില്‍ ഓപ്പറേഷന്‍ ബ്രഹ്‌മ ദുരിതാശ്വാസ ദൗത്യത്തിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ സി-130ജെ വിമാനത്തിന് ജിപിഎസ്-സ്പൂഫിംഗ് ആക്രമണം നേരിട്ടതായി പ്രതിരോധ വൃത്തങ്ങള്‍.
പറക്കലിനിടെ വിമാനത്തിന്റെ നാവിഗേഷന്‍ സംവിധാനത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സ്പൂഫിംഗ് തത്സമയ കോര്‍ഡിനേറ്റുകളെ മാറ്റിമറിച്ചുവെന്ന് അവര്‍ പറഞ്ഞു.
സുരക്ഷിതമായ നാവിഗേഷന്‍ ഉറപ്പാക്കാന്‍ വ്യോമസേന പൈലറ്റുമാര്‍ ഉടന്‍ തന്നെ ഇന്റേണല്‍ നാവിഗേഷന്‍ സിസ്റ്റത്തിലേക്ക് (ഐഎന്‍എസ്) മാറിയെന്ന് പ്രതിരോധ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ജിപിഎസ് സ്പൂഫിംഗ് എന്നത് ഒരു തരം സൈബര്‍ ആക്രമണമാണ്. അവിടെ വ്യാജ സിഗ്‌നലുകള്‍ യഥാര്‍ത്ഥ ഉപഗ്രഹ ഡാറ്റയെ മറികടന്ന് സിസ്റ്റങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു.
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം സമാനമായ സ്പൂഫിംഗ് സംഭവങ്ങള്‍ നടന്നിട്ടുണ്ട്. 2023 നവംബര്‍ മുതല്‍ ഇതുവരെ അമൃത്സറിനും ജമ്മുവിനും സമീപം 465 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മാര്‍ച്ച് 28 ന് മ്യാന്‍മറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായി, 3,649 പേര്‍ കൊല്ലപ്പെടുകയും 5,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തൊട്ടുപിന്നാലെ നൂറിലധികം തുടര്‍ചലനങ്ങള്‍ ഉണ്ടായി. അയല്‍രാജ്യമായ തായ്ലന്‍ഡിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും ഭൂചലനം അനുഭവപ്പെട്ടു.