ഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റിന്റെ കേസുകള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും നിരവധി ഡിജിറ്റല്‍ തട്ടിപ്പുകളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ഇത്തരത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ നിന്നാണ് ഏറ്റവും പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇത്തവണ തട്ടിപ്പിനിരയായത് 78 വയസ്സുകാരിയാണ്. ഇവരെ കബളിപ്പിച്ച് 1.5 കോടി രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. സംഭവത്തില്‍ മുംബൈ പോലീസിന്റെ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു
അമേരിക്കയിലുള്ള മകള്‍ക്ക് വയോധിക ഒരു കൊറിയര്‍ അയച്ചിരുന്നു. മെഫെഡ്രോണ്‍ മയക്കുമരുന്നും യുഎസ് ഡോളറും ഈ പാഴ്സലില്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വിളിച്ചാണ് തട്ടിപ്പ് നടത്തിയത്
മകള്‍ക്ക് കൊറിയര്‍ വഴി ചില ഭക്ഷണ സാധനങ്ങള്‍ അയച്ചുകൊടുത്തിരുന്നതായി വയോധിക പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
ദക്ഷിണ മുംബൈയിലെ ബില്‍ഡറുടെ ബന്ധുവാണ് ഇര. ഇരയെ ആദ്യം വീഡിയോ കോളിലൂടെ ഒരു കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനും പിന്നീട് നിയമനടപടി സ്വീകരിക്കുമെന്ന വ്യാജേന വ്യാജ പോലീസും ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
ഡിസംബര്‍ 5 നാണ് കൊറിയര്‍ അയച്ചത്. പിറ്റേന്ന് കൊറിയര്‍ കമ്പനിയില്‍ നിന്ന് അമിത് കുമാര്‍ എന്ന വ്യക്തിയില്‍ നിന്ന് ഒരു കോള്‍ ലഭിച്ചു.
കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടുകള്‍, ആധാര്‍ കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, 2,000 ഗ്രാം മെഫെഡ്രോണ്‍, 2,000 ഡോളര്‍ എന്നിവ പാഴ്സലില്‍ ഉണ്ടായിരുന്നതായി അമിത് അവകാശപ്പെട്ടു. കള്ളപ്പണം വെളുപ്പിച്ചതിന് വയോധികയെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ തട്ടിപ്പുകാര്‍ വ്യാജ അറസ്റ്റ് വാറണ്ടും അന്വേഷണ റിപ്പോര്‍ട്ടും അയച്ചു നല്‍കി
തട്ടിപ്പുകാര്‍ വയോധികയെ നിര്‍ബന്ധിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും 1.51 കോടി രൂപ കൈപ്പറ്റുകയും ചെയ്തു. ഇര പോലീസ് ഹെല്‍പ്പ് ലൈനില്‍ പരാതി നല്‍കുകയും പിന്നീട് സൗത്ത് സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
വഞ്ചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളിലൂടെയും കോള്‍ ഡാറ്റ രേഖകളിലൂടെയും കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.