ചെന്നൈ: തമിഴ്നാട്ടിലെ പല ജില്ലകളിലും കനത്ത മഴ. ചെന്നൈയില്‍ യെല്ലോ അലര്‍ട്ടും കാഞ്ചീപുരം, ചെങ്കല്‍പട്ട്, വില്ലുപുരം, കടലൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ കാവേരി ഡെല്‍റ്റ മേഖലകളില്‍ ഇടവിട്ടുള്ള കനത്ത മഴ തുടരുകയാണ്.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങി ഫെംഗല്‍ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റ് വീശാനും സാധ്യതയുണ്ട്.
തമിഴ്നാട്ടിലെ കടലൂര്‍, കാരക്കല്‍, മയിലാടുതുറൈ, നാഗപട്ടണം, പുതുക്കോട്ടൈ, തഞ്ചാവൂര്‍, തിരുവാരൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നവംബര്‍ 28ന് ഉച്ചയ്ക്ക് 1 മണി വരെ ചെറിയ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കാരണം തമിഴ്നാട്ടില്‍ ഉടനീളം പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍, ചെന്നൈ, തൂത്തുക്കുടി, മധുര, തിരുച്ചിറപ്പള്ളി, സേലം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളെ ബാധിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് യാത്രാ ഉപദേശം നല്‍കി.