/sathyam/media/media_files/2025/10/03/curap-2025-10-03-22-22-56.jpg)
ഡൽഹി: കഫ് സിറപ്പ് ഉപയോഗിച്ച കുട്ടികള്‍ മരിച്ചതിന് പിന്നാലെ പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് പരിശോധന നടത്തുന്നത്.
അതേസമയം പരിശോധനയില്‍ കുട്ടികള്‍ ഉപയോഗിച്ച കെയ്‌സണ്‍ ഫാര്‍മയുടെ കഫ് സിറപ്പില്‍ വിഷാംശങ്ങള്‍ അടങ്ങിയിട്ടില്ലെന്നാണ് കണ്ടെത്തല്‍.
പരിശോധനയില്‍ വൃക്കകളെ ബാധിക്കുന്ന ഒന്നും കണ്ടെത്താനായില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. നിരവധി കുട്ടികള്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, ചുമയ്ക്കുള്ള മരുന്ന് കഴിക്കുന്നതില്‍ മാര്‍ഗനിര്‍ദേശം ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിരുന്നു. 2 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്ന് നല്‍കരുത്.
5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇത്തരം മരുന്നുകള്‍ നിര്‍ദേശിക്കാറില്ലെന്നും, മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശത്താലും, നിരീക്ഷണത്തിലും മാത്രമേ ഉപയോഗിക്കാവൂ എന്നുമാണ് ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. കെയ്‌സണ്‍ ഫാര്‍മ നിര്‍മിക്കുന്ന സിറപ്പിന്‍റെ വിതരണം നിര്‍ത്തിവെച്ചിട്ടുണ്ട്.