/sathyam/media/media_files/Xp0JnRvbioggf4Fns2Tb.jpg)
ഡല്‍ഹി: സി.പി.ഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തുടരും. 75 വയസ് പിന്നിട്ട ഡി.രാജക്ക് പ്രായപരിധി മാനദണ്ഡത്തില്‍ ഇളവ് നല്‍കാന്‍ സി.പി.ഐ ദേശിയ എക്‌സിക്യൂട്ടീവില്‍ ധാരണയായി. ഇതോടെയാണ് ഡി.രാജ സി.പി.ഐയുടെ ജനറല്‍ സെക്രട്ടറി പദവിയില്‍ തുടരുമെന്ന് ഉറപ്പായത്.
പുതിയ ദേശിയ കൌണ്‍സിലിന്റെ പാനല്‍ തയാറാക്കുന്നതിനായി ഇന്നലെ രാത്രി ചേര്‍ന്ന ദേശിയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഡി.രാജ തന്നെ തനിക്ക് ഇളവ് നല്‍കണമെന്ന് അപേക്ഷിക്കുകയായിരുന്നു.
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഒരു പൂര്‍ണ ടേം മാത്രം ലഭിച്ച ദളിത് പിന്നാക്ക വിഭാഗത്തില്‍ നിന്നുളള തനിക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്നായിരുന്നു രാജയുടെ അപേക്ഷ.
കേരള ഘടകത്തിന്റെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുളള നേതാക്കള്‍ ഇതിനെ ശക്തമായി എതിര്‍ത്തെങ്കിലും രാജ ദളിത് പിന്നാക്ക കാര്‍ഡ് പുറത്തെടുത്തതോടെ എല്ലാവരും വഴങ്ങുകയായിരുന്നു. ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ പിന്തുണയിലായിരുന്നു രാജയുടെ നീക്കം.
രാജ ജനറല്‍ സെക്രട്ടറിയായിരിക്കെ നടന്ന വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസാണ് പാര്‍ട്ടിയുടെ നേതൃപദവികളില്‍ തുടരുന്നതിനുളള പരമാവധി പ്രായം 75വയസായി നിജപ്പെടുത്തിയത്. തന്റെ നേതൃത്വത്തില്‍ ഭരണഘടനാ ഭേദഗതിയിലൂടെ കൈക്കൊണ്ട തീരുമാനമാണ് ഡി.രാജ തനിക്ക് ജനറല്‍ സെക്രട്ടറിയായി തുടരുന്നതിന് വേണ്ടി അട്ടിമറിച്ചത്.
75 വയസ് പ്രായപരിധി കര്‍ശനമാക്കിയ തീരുമാനത്തെ തുടര്‍ന്ന് കഴിവും പ്രാഗത്ഭ്യവുമുളള നിരവധി നേതാക്കളാണ് നേതൃതലത്തില്‍ നിന്ന് പുറത്തുപോയത്.
ദേശിയ സെക്രട്ടേറിയേറ്റ് അംഗമായിരുന്ന പന്ന്യന്‍ രവീന്ദ്രന്‍, ദേശിയ എക്‌സിക്യൂട്ടിവ് അംഗങ്ങളായ സി.ദിവാകരന്‍, കെ.ഇ.ഇസ്മയില്‍ എന്നിവരാണ് പ്രായപരിധിയില്‍ പുറത്തായ കേരളത്തിലെ നേതാക്കള്‍. പ്രായ പരിധിയിലെ തീരുമാനം ഡി.രാജക്ക് വേണ്ടി തിരുത്തുമ്പോള്‍ നേരത്തെ പുറത്തായ നേതാക്കളോട് എന്തു സമാധാനം പറയും എന്നതാണ് നേതൃത്വത്തിന് നേരെ ഉയരുന്നത്.
കൊല്ലത്ത് നടന്ന സി.പി.ഐയുടെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ തന്നെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്താന്‍ ഭഗീരഥ പ്രയത്‌നം നടത്തുന്ന ഡി.രാജ അന്നും ദളിത് വിഭാഗത്തില്‍ നിന്നുളള നേതാവെന്ന പരിവേഷമാണ് ആയുധമാക്കിയത്. പ്രമുഖ മലയാള ദിനപത്രത്തിന്റെ ഡല്‍ഹി ബ്യൂറോ ചീഫിനെ മുന്‍നിര്‍ത്തിയായിരുന്നു കൊല്ലത്തെ ഓപ്പറേഷന്‍.
ഇത് തിരിച്ചറിഞ്ഞ അന്നത്തെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും സുധാകര്‍ റെഡ്ഢി ദേശിയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരട്ടെയെന്ന നിലപാടെടുത്തു. ദേശിയ സെക്രട്ടേറിയേറ്റ് അംഗമായിരുന്ന കാനത്തിന്റെ കര്‍ശന ഇടപെടലില്‍ സുധാകര്‍ റെഡ്ഢിയെ കൊല്ലത്ത് വെച്ച് വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
സുധാകര്‍ റെഡ്ഢിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടിയ സാഹചര്യത്തില്‍ 2019ലാണ് ഡി.രാജ സിപിഐ ജനറല്‍ സെക്രട്ടറിയാകുന്നത്. വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ചാണ് രാജ സമ്മേളനം തിരഞ്ഞെടുത്ത ജനറല്‍ സെക്രട്ടറിയാകുന്നത്.
75 വയസ് പിന്നിട്ട താന്‍ ഇളവ് ചോദിക്കില്ലെന്നാണ് തിരുവനന്തപുരത്ത് നടന്ന ദേശിയ കൌണ്‍സില്‍ യോഗത്തിന് എത്തിയപ്പോള്‍ രാജ പറഞ്ഞത്. അന്നത്തെ പ്രതികരണം വിഴുങ്ങിക്കൊണ്ടാണ് ഇപ്പോള്‍ പ്രായപരിധിയില്‍ ഇളവ് നേടിക്കൊണ്ട് വീണ്ടും ജനറല്‍ സെക്രട്ടറിയായി തുടരുന്നത്.
ഡി.രാജയെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അനുവദിച്ചതിലൂടെ വനിതാ നേതാവായ അമര്‍ജിത് കൌറിനെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കാനുളള അവസരമാണ് സി.പി.ഐ ഇല്ലാതാക്കിയത്. അമര്‍ജിത് കൌര്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്ന വനിത എന്ന ഖ്യാതി അവര്‍ക്ക് ലഭിച്ചേനേ.
ചണ്ഡീഗഡ് പാര്‍ട്ടികോണ്‍ഗ്രസ് തിരഞ്ഞെടുക്കുന്ന പുതിയ ദേശിയ സെക്രട്ടേറിയേറ്റില്‍ കേരളത്തില്‍ നിന്ന് പി.സന്തോഷ് കുമാര്‍ ഉണ്ടാകും. രാജ്യസഭയിലെ സി.പി.ഐയുടെ കക്ഷി നേതാവ് എന്ന പരിഗണനയിലാണ് സന്തോഷ് കുമാറിനെ ദേശിയ സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തുന്നത്.
എന്നാല്‍ കേരളത്തില്‍ നിന്നുളള ഏറ്റവും സീനിയര്‍ നേതാവായ കെ.പ്രകാശ് ബാബുവിനെ തഴഞ്ഞാണ് സന്തോഷ് കുമാറിനെ സിപിഐയുടെ പരമോന്നത ഘടകത്തില്‍ ഉള്‍പ്പെടുത്തുന്നത്. കെ.പ്രകാശ് ബാബുവിനെ ദേശിയ സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനത്തെ നേതാക്കളില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദമുണ്ട്.
മുന്‍ മന്ത്രിയും സി.പി.ഐയിലെ ജനപ്രിയ നേതാവായ വി.എസ്. സുനില്‍കുമാറിനെ ഇത്തവണയും ദേശിയ കൌണ്‍സിലില്‍ ഉള്‍പ്പെടുത്തിയില്ല. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ്, ബി.കെ.എം.യു നേതാവ് ഗോവിന്ദന്‍ പളളിക്കാപ്പില്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് പുതുതായി ദേശിയ കൌണ്‍സിലിലേക്ക് എത്തിയത്.