'ഒരുപക്ഷേ ഞാൻ 40 വർഷം കൂടി ജീവിച്ചിരിക്കുമായിരിക്കും. 130 വയസ്സ് വരെ ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു...', 90-ാം ജന്മദിനത്തിൽ പ്രത്യാശ പ്രകടിപ്പിച്ച് ദലൈലാമ

'ബുദ്ധനും ശാന്തിദേവനും പോലുള്ള ഇന്ത്യന്‍ ഗുരുക്കന്മാരുടെ ഉപദേശങ്ങള്‍ എനിക്ക് ദൃഢനിശ്ചയത്തിന് പ്രചോദനമാണ്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

New Update
Untitledmusk

ധര്‍മ്മശാല: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ തന്റെ 90-ാം ജന്മദിനം ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ വിപുലമായി ആഘോഷിച്ചു. ഈ പ്രത്യേക ദിനത്തില്‍, താന്‍ 40 വര്‍ഷം കൂടി ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദലൈലാമ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദലൈലാമയ്ക്ക് ഹൃദയപൂര്‍വം ജന്മദിനാശംസകള്‍ നേര്‍ന്നു.

Advertisment

'എന്റെ 90-ാം ജന്മദിനത്തില്‍, ടിബറ്റ് ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കളും അനുയായികളും ഈ ദിവസം ആഘോഷിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഒരു സാധാരണ ബുദ്ധ സന്യാസിയാണ്. സാധാരണയായി ജന്മദിനങ്ങള്‍ ആഘോഷിക്കാറില്ല. എന്നാലും, നിങ്ങള്‍ എല്ലാവരും ആഘോഷങ്ങള്‍ സംഘടിപ്പിച്ചതിനാല്‍, കുറച്ച് വാക്കുകള്‍ കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'


പ്രശസ്തിക്കായി മാത്രം പരിശ്രമിക്കുന്നത് ശരിയല്ല, മനസ്സമാധാനത്തിലും ആത്മശാന്തതയിലും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും, മാനുഷിക മൂല്യങ്ങളും മതസൗഹാര്‍ദ്ദവും പ്രോത്സാഹിപ്പിക്കുന്നതില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ദലൈലാമ വ്യക്തമാക്കി.

'ബുദ്ധനും ശാന്തിദേവനും പോലുള്ള ഇന്ത്യന്‍ ഗുരുക്കന്മാരുടെ ഉപദേശങ്ങള്‍ എനിക്ക് ദൃഢനിശ്ചയത്തിന് പ്രചോദനമാണ്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ച് ദലൈലാമയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. 'സ്‌നേഹം, കാരുണ്യം, ക്ഷമ, ധാര്‍മ്മിക അച്ചടക്കം എന്നിവയുടെ പ്രതീകമാണ് ദലൈലാമ. അദ്ദേഹത്തിന് നല്ല ആരോഗ്യം, ദീര്‍ഘായുസ്സ് നേരുന്നു,' എന്നാണ് പ്രധാനമന്ത്രിയുടെ സന്ദേശം.


പ്രായത്തെക്കുറിച്ച് സംസാരിച്ച ദലൈലാമ, 'ഞാന്‍ ഇനിയും 40 വര്‍ഷം കൂടി ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 130 വയസ്സുവരെ ജീവിക്കാന്‍ ആഗ്രഹമുണ്ട്,' എന്ന് വ്യക്തമാക്കി.

 'നമ്മുടെ രാജ്യം നഷ്ടപ്പെട്ട് ഇന്ത്യയില്‍ പ്രവാസത്തിലാണ് നമ്മള്‍, പക്ഷേ ധര്‍മ്മശാലയില്‍ ജീവിച്ചുകൊണ്ട് എല്ലാ ആളുകളെയും മതങ്ങളെയും സേവിക്കാന്‍ ഞാന്‍ തുടരും,' എന്നും ദലൈലാമ പറഞ്ഞു.

Advertisment