"നിനക്ക് ഇവിടെ ബുള്ളറ്റ് ഓടിക്കാൻ അനുവാദമില്ല..!" തമിഴ്നാട്ടിൽ ബുള്ളറ്റ് ഓടിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിന്റെ കൈ വെട്ടിമാറ്റി മൂവർസംഘം. ആക്രമണം വിദ്യാർഥി കോളേജിൽ നിന്നും തിരികെ വരുമ്പോൾ റോഡിൽ തടഞ്ഞു നിർത്തിക്കൊണ്ട്. പ്രതികൾ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
x

ചെന്നൈ: തമിഴ്‌നാട്ടിൽ വാഹനം ഓടിച്ചതിന് ദളിത് യുവാവിനോട് കൊടുംക്രൂരത. ബുള്ളറ്റ് ബൈക്ക് ഓടിച്ചെന്ന് ആരോപിച്ചാണ് മൂവർസംഘം ദളിത് യുവാവിന്റെ കൈ വെട്ടിമാറ്റിയത്. ശിവാങ്ക ജില്ലയിലാണ് സംഭവം. 

Advertisment

ഇരുപതുവയസുകാരനായ കോളേജ് വിദ്യാർഥിക്ക് നേരെയായിരുന്നു ഈ ക്രൂരത. “എസ്.സി വിഭാഗത്തിൽ ഉൾപ്പെട്ട നീ എന്തിനാണ് ബുള്ളറ്റ് ഓടിക്കുന്നത്? ” എന്ന് ചോദിച്ചായിരുന്നു ആക്രമണം.


അയ്യാസാമി എന്ന യുവാവിനാണ് ക്രൂര മർദ്ദനം അടക്കം നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം കോളേജിൽ നിന്നും തിരികെ ബുള്ളറ്റിൽ വരുമ്പോഴായിരുന്നു മർദ്ദനം. മൂന്ന് പേർ യുവാവിനെ റോഡിൽ തടഞ്ഞുനിർത്തി ജാതീയമായി അധിക്ഷേപിച്ചതിന് ശേഷം കൈവെട്ടി മാറ്റുകയായിരുന്നു.


മർദ്ദനത്തിൽ നിന്ന് കുതറിമാറി വീട്ടിലെത്തിയ അയ്യാസാമിയെ ഉടൻ തന്നെ വീട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. യുവാവ് നിലവിൽ മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. 

അയ്യാസാമിയെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നും നിലവിൽ ആരോഗ്യ സ്ഥിതിയിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

സംഭവത്തിൽ പ്രതികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഇവർ റിമാൻഡിലാണ്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 294(ബി), 126, 118(1), 351(3),പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ 3(1)(ആർ), 3(1)(എസ്) എന്നീ വകുപ്പുകൾ പ്രകാരമാണ് സിപ്കോട്ട് പോലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Advertisment