/sathyam/media/media_files/2025/07/20/untitledkiraanadam-2025-07-20-13-53-30.jpg)
ഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ടിബറ്റില്‍ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ അണക്കെട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ചൈന.
167.8 ബില്യണ്‍ ഡോളര്‍ (ഏകദേശം 14.4 ലക്ഷം കോടി രൂപ) ചെലവഴിച്ച് നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടാണിത്. ബ്രഹ്‌മപുത്ര നദിയുടെ താഴ്വരയായ യാര്‍ലുങ് സാങ്ബോയില്‍, ന്യിങ്ചി സിറ്റിയില്‍ നടന്ന തറക്കല്ലിടല്‍ ചടങ്ങില്‍, ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് അണക്കെട്ടിന്റെ നിര്‍മ്മാണം ആരംഭിച്ചതായി പ്രഖ്യാപിച്ചുവെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടിബറ്റില്‍ 'യാര്‍ലുങ് സാങ്പോ' എന്നറിയപ്പെടുന്ന ബ്രഹ്‌മപുത്ര നദിക്ക് കുറുകെയാണ് പുതിയ അണക്കെട്ട് വരുന്നത്. അഞ്ച് കാസ്‌കേഡ് ജലവൈദ്യുത നിലയങ്ങള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി, മൊത്തം നിക്ഷേപം ഏകദേശം 1.2 ട്രില്യണ്‍ യുവാന്‍ (ഏകദേശം 167.8 ബില്യണ്‍ യുഎസ് ഡോളര്‍) ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2023 ലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ജലവൈദ്യുത നിലയം ഓരോ വര്‍ഷവും 300 ബില്യണ്‍ സണവല്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
30 കോടിയിലധികം ആളുകളുടെ വാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ വൈദ്യുതിയാകും ഇവിടെ നിന്ന് ഉത്പാദിപ്പിക്കുക എന്നാണ് പറയപ്പെടുന്നത്.
ചൈന ഔദ്യോഗികമായി സിസാങ് എന്ന് വിളിക്കുന്ന ടിബറ്റിലെ പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം, പുറമെയുള്ള ഉപഭോഗത്തിനായാണ് പ്രധാനമായും ഇവിടുത്തെ വൈദ്യുതി വിതരണം ചെയ്യുക. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.